പേന തുമ്പിലെ അക്ഷര മണികൾക്ക് മൺസൂൺ കാലവുമായി സ്ട്രോബിലാന്തസ് : ശ്രീ സി.സി ശങ്കരൻ മാഷ്





*സ്ട്രോബിലാന്തസ്*
ഞാൻ ഒരു പ്രൈമറി സ്കൂൾ അധ്യാപക നാണെങ്കിലും നല്ല ഒരു വായനക്കാരനേഅല്ല.
പക്ഷേ ഒരു വായനശാല പ്രവർത്തകൻ എന്ന നിലയിൽ പുതിയതായി പുറത്തിറങ്ങുന്ന പുസ്തകങ്ങൾ ശ്രദ്ധിക്കാറുണ്ട്. ആയിടക്കാണ് പട്ടാമ്പി കോളേജിലെ പ്രീഡിഗ്രി പOന കാലത്തെ എൻ്റെ തൊട്ടു മുതിർന്ന ക്ളാസിൽ പഠിച്ചിരുന്ന പി.പി.വേണുഗോപാലിൻ്റെ [ഡോ.പി.പി.വേണുഗോപാൽ ]
ഒരു പുസ്തക പ്രകാശനം നവ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽ പെട്ടത്. അദ്ദേഹത്തിൻ്റെ അനിയൻ ശ്രീ.പി.പി പീതാംബര നിലൂടെ പ്രസ്തുത പുസ്തകം എൻ്റെ കയ്യിലെത്തി.

എന്നാൽ പുസ്തകത്തിൻ്റെ പേര് താളുകൾക്കുള്ളിലേക്ക് കടക്കാനുള്ള ആകാംക്ഷ നൽകാത്തതിനാൽ വായനയിൽ നിന്ന് അത് പലവട്ടം മാറ്റിവെച്ചു; 
ഞാൻ പഠിച്ചതും സെക്കൻ്റ് ഗ്രൂപ്പായിരുന്നെങ്കിലും
'സ്ട്രാ ബിലാന്തസ്'
എന്ന പദത്തിൻ്റെ അർത്ഥം ഞാൻ മറന്നു പോയിരുന്നു.
ഒടുവിൽ എന്താണത് എന്നറിയാൽ പുസ്തകത്തിലെ അതേ പേരുള്ള കഥ തന്നെ ആദ്യം വായിച്ചു

കഥാ രചനയുടെ ജീവശാസ്ത്രവും രസതന്ത്രവും എങ്ങിനെയാണ്  രോഗികളുമായി ഇഴുകിചേർന്ന ഒരു ഡോക്ടർക്ക് ഇത്ര മെയ് വഴക്കത്തോടെ
കൈകാര്യം ചെയ്യാനാവുന്നത് എന്നതാണ് എന്നെ ആദ്യം അത്ഭുതപ്പെടുത്തിയത്.
എവിടെയൊക്കെയോ കൊളുത്തി പിടിച്ച അ ർത്ഥവ്യാപ്തിക്കായി ആ കഥ എന്നെ വീണ്ടും വായിപ്പിച്ചു.
നാം കാണപ്പെട്ട ദൈവങ്ങളായി കാണുന്ന ഡോക്ടർമാരും ദേവാലയങ്ങളെപ്പോലെ കാണുന്ന ആശുപത്രികളും പാവപ്പെട്ട രോഗികളിൽ നടത്തുന്ന ചൂഷണങ്ങളുടെയും
വിശ്വാസ വഞ്ചന ക ളു ടെയും  ഇരുളടഞ്ഞ  ഇടവഴികളിലൂടെ വായനക്കാരൻ്റെ നെഞ്ചിടിപ്പുകൂട്ടി കൈപിടിച്ചു നടത്തുകയാണ് കഥാകാരൻ.
ഒട്ടേറെ സാങ്കേതിക പദങ്ങൾ കയറി വരുമ്പോൾ ആശയഗ്രഹണം അത്ര ലളിതമാവുന്നില്ലെങ്കിലും ആശുപത്രി പശ്ചാത്തലത്തിന്  ആ പദപ്രയോഗങ്ങൾ 
അനിവാര്യവുമാണ്.
പിറവിയെടുത്ത ആറു കഥകളും തൻ്റെ ആതുര സേവന രംഗത്തെ നേരനുഭവങ്ങളുടെ പതഞ്ഞൊഴുക്കാവാനേ തരമുള്ളൂ.
താൻ ജനിച്ചു വളർന്ന മണ്ണിനെയും  മനുഷ്യരേയും പ്രകൃതിയേയും കഥാ കാരൻ കഥകളിൽ അടയാളപ്പെടുത്തുന്നുണ്ട് .അമ്മിനിക്കാടൻ മലയും തൂതയും കുറുപ്പം തൊടിയും അതിൽ ചിലതു മാത്രം.
പ്രകൃതിയുടെ സൂക്ഷ്മനിരീക്ഷണ മാണ് രചനയുടെ മറ്റൊരു ആകർഷണീയത.വിശ്വവിഖ്യാത കഥാകൃത്ത് എം.ടി.കഥാകൃത്തിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും പ്രകൃതി നിരീക്ഷണത്തിൻ്റെ അതിസൂക്ഷ്മത ഓരോ കഥാപാത്രത്തിലും പശ്ചാത്തലത്തിലും വരച്ചിടുന്നത് തികച്ചും വ്യത്യസ്തം തന്നെ.
ദൃശ്യധാരാളിത്തത്തിലൂടെ പൊതുബോധ മനസിനെ തലതിരിച്ചിടുന്ന ചാനൽ ചർച്ചകളുടെ മനുഷ്യത്വമില്ലായ്മ,
സ്വാശ്രയ സ്ഥാപനങ്ങളുടെ നിലനിൽപിനായി ബലിയർപ്പിക്കപ്പെടുന്ന നിഷ്കളങ്ക യവ്വനങ്ങൾ,
മത അടയാളങ്ങളുടെ ദിവ്യത്വത്തിൽ മറച്ചുവെച്ച കാപാലിക ഭാവങ്ങൾ,
:...
തുടങ്ങി പുതുകാല ചിത്രങ്ങൾ പലതും 
നീലക്കുറുഞ്ഞിയിലൂടെ ആവിഷ്ക്കരിക്കപ്പെടുന്നു.
മരുന്നു നിർമ്മാണക്കമ്പനികളും ഡോക്ടർമാരും ചേർന്ന് രോഗികളെ നിഷ്ക്കരുണം കൊല്ലാകൊല ചെയ്യുന്ന 
ഉപകാരപ്രത്യുപകാരങ്ങളുടെ കഥ പറയുന്ന 'അത് നിങ്ങളുടെ കുറ്റമാണ് '
എന്ന കഥയും
കറുത്ത മരണത്തെ നേരിട്ടു കാണുന്ന ശേഖരൻ്റെ മാനസിക സംഘർഷങ്ങളുടെ 
'മുഖാമുഖ'
വും.,
ഒരു ശസ്ത്രക്രയക്ക് വിധേയനാവേണ്ടിവരുന്ന ഒരാളുടെ ആശങ്കളും ആഗ്രഹങ്ങളും വൈകാരികമായി കോറിയിടുന്ന
" പ്രോസ് ച്യു മസ് ലി. യുവേഴ്സ് " - കെ.എ. സമീറും,
രതിലഹരിയുടെ ആലസ്യത്തിൽ ലിംഗവിച്ഛേദനം നടക്കുന്ന കുഞ്ചുണ്ണിയാശാൻ്റെ 
'പുത്രകാമേഷ്ടി '
യും,
കമ്പോള സംസ്കാരത്തിൻ്റെ വർണശബളിമയിൽ ജീവിതത്തിൽ സമ്പാദിച്ച HIV  കുടുംബത്തിൻ്റെ വേറിട്ട വേദനയുടെ 
'സന്താനഗോപാല'
വും ,
വായിച്ചുതുടങ്ങിയാൽ ഒരേ ഇരുപ്പിൽ വായിച്ചു തീർക്കേണ്ടി വരുന്ന യാഥാർത്ഥ്യങ്ങളുടെ നഗ്നമായ ചിത്രീകരണങ്ങൾ തന്നെ.
" പേനത്തുമ്പിൽ അക്ഷരമണികൾക്ക് മൺസൂൺ മാസം.".....
തുടങ്ങി
മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭാഷാപ്രയോഗ സൗന്ദര്യം എടുത്തു പറയേണ്ടതു തന്നെ.
ഓരോ മനുഷ്യാവയവങ്ങളിലെയും പേശിയുടേയും കോശത്തിൻ്റെയും എണ്ണവും വണ്ണവും അളന്നു തൂക്കി
ശസ്ത്രക്രിയക്ക് മുമ്പേ ബോധം കെടുകയും
ശേഷം ബോധം തിരികെ  കിട്ടുകയും ചെയ്യുംവിധമുള്ള മരുന്നു വിദ്യയുടെ ദൈവസ് പർശം  കൈകാര്യം ചെയ്യുന്ന ഒരു ഡോക്റ്റർക്ക്
തൻ്റെ മനസിനെ സ്പർശിച്ച ചില തീക്ഷണാനുഭവങ്ങളെ വാക്കുകളിലേക്ക് ആവാഹിക്കാനുള്ള അപൂർവ്വ സിദ്ധിയുള്ള ഡോ: പി.പി.വേണുഗോപാലിനെ മനസാ നമിക്കുന്നു.
സാഹിത്യകാരൻമാരായ ഡോക്ടർമാർ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.
എന്നാൽ ഡോക്‌ടറായ സാഹിത്യകാരൻമാർ കുറവാണ്.
അതാണ് ഡോ: പി.പി.വേണുഗോപാൽ.

- സി.സി.ശങ്കരൻ
ചെറുകര

Comments

Popular posts from this blog

Mooppada Home : A complete go green concept home in my home village

Voting 2024 , some disturbing medical emergency thoughts ...

Sundariye.... Sundariye