❤️ #സ്ട്രോബിലന്തസ്
മരണത്തിൻ്റെ മുനമ്പിലൂടെ നടക്കുന്ന മനുഷ്യനിമിഷങ്ങൾക്കൊപ്പം എന്നും സഞ്ചരിക്കാൻ നിയുക്തനായ മനുഷ്യനാണ് വേണു . കേരളത്തിൽ അത്യാധുനിക എമർജൻസി മെഡിസിൻ്റെ തുടക്കക്കാരൻ . മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലം മുതൽക്ക് തന്നെ സാഹിത്യവും സിനിമയുമായിരുന്നു എൺപതുകളിലെ ആ ചങ്ങാത്തത്തിൻ്റെ അടിത്തറ . അതിനിപ്പോൾ മൂന്ന് പതിറ്റാണ്ടിലേറെ പ്രായമായി. ഒരു മാറ്റവുമില്ല, അവനും സൗഹൃദത്തിനും . എമർജൻസി മെഡിസിനിൽ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടി തിരിച്ചെത്തിയതൊക്കെ ഒദ്യോഗിക ജീവചരിത്രരേഖ . അപ്പോൾ ആര് മരണത്തിൻ്റെ മുന്നിലെത്തുമ്പോഴും ഒരു കോൾ വേണുവിനുള്ളതാണ്. മറക്കാനാവാത്തത് നടൻ ജഗതിയെ അത്യാസന്ന നിലയിൽ മിംസിലേക്ക് കൊണ്ടുവരുമ്പോൾ ഉറക്കത്തിൽ നിന്നും വേണുവിനെ വിളിച്ചുണർത്തിയതാണ്. ജഗതിയെയും കൊണ്ട് ആംബുലൻസ് മിംസിലെത്തും മുമ്പ് വേണു ആസ്പത്രിയിലെത്തി അവിടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞിരുന്നു. ജഗതിയെ ആദ്യം ഏറ്റെടുത്ത ഡോക്ടർ എന്ന നിലക്കും ആ ജീവൻ ഭൂമിയിൽ അതിജീവിച്ചതിനും നേതൃത്വം കൊടുത്ത ടീം ലീഡർ എന്ന നിലക്കും വേണു ആ ശാസ്ത്രശാഖക്ക് മാതൃകയായി. ഒരു വലിയ ഡോക്ടറായി ഒരിക്കലും വേണു അഭിനയിക്കുന്നത് ഒരിക്കൽ പോലും കണ്ടിട്ടില്ല. എപ്പം കണ്ടാലും ആ സിനിമ കണ്ടോ ഈ പുസ്തകം വായിച്ചോ എന്ന് ഭൂമിയിലൂടെ നടന്നുപോകുന്ന ഒരു മനുഷ്യൻ എന്ന ആ മട്ടും മാതിരിയും എത്രയോ ജീവനുകൾക്ക് ഭൂമിയിലേക്കുള്ള തിരിച്ചുവരവിൻ്റെ ചരടായിട്ടുണ്ട്. പാപ്പാത്തിയും നീതുവും പിറന്നപ്പോൾ അവർ ഒരേ ക്ലാസ്സിൽ കൂട്ടുകാരായി വളർന്നു. മിക്കവാറും അവരുടെ സ്കൂൾ കാലത്തുടനീളം കളിച്ച മുഴുവൻ സിനിമകൾക്കും തിയറ്ററിൽ വേണുവും കുടുംബത്തോടെ എത്തി. ഒരു സിനിമയും വിടാതെ പിന്തുടർന്നു അവരും. ആത്മമിത്രമായി തിരക്കഥാകൃത്ത് ടി.എ.റസാക്ക് ആ ലോകത്തെ ഊഷമളമാക്കി. എന്തിനും റസാക്കിൻ്റെ ഡോക്ടറായിരുന്നു വേണു. എപ്പോൾ റസാക്ക് ആസ്പത്രിയിലായാലും അത് വേണുവിൻ്റെ ഉത്തരവാദിത്വമായി. "You Are Important " എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പും അതിൻ്റെ ആഭിമുഖ്യത്തിലുള്ള സംഗീത പരിപാടികളും കൂട്ടായ്മകളും അങ്ങിനെ വേണുവിൻ്റെ സാഹിത്യ സാംസ്കാരിക സംഘാടക മികവിൻ്റെ കൂടി സാക്ഷ്യമായി . നടി ശാന്താദേവിയുടെ ചികിത്സയും റീഹാബിലിറ്റേഷനും ഏറ്റെടുക്കലായിരുന്നു ആ കൂട്ടായ്മയുടെ ഒരു പ്രധാന ദൗത്യങ്ങളിലൊന്ന്. പുറത്ത് റസാക്കും ആസ്പത്രിയിൽ വേണുവും അതിന് നേതൃത്വം നൽകി. അന്ന് വെള്ളിമാടുകുന്നിലെ അനാഥമന്ദിരത്തിൽ നിന്നും കൂട്ടി ശാന്തേടത്തിയെ പുതുക്കിപ്പണിത വീട്ടിലേക്ക് പോകുമ്പോൾ അവർ കാറിലിരുന്ന് ആകാശത്തേക്ക് നോക്കി പറഞ്ഞ വാക്കുകൾ മരിച്ചാലും മറക്കില്ല: "ഞാനിപ്പോൾ ദൈവത്തെ ദൈവമേ എന്നൊന്നും വിളിക്കാറില്ല . നായിൻ്റെ മോനേ എന്നാ വിളിക്കാറ്. ഒരായുസ്സ് എന്നെയൊക്കെ കഷ്ടപ്പെടുത്തിയിട്ടും അവന് മതിയായിട്ടില്ല. പിന്നെ ഓനെയൊക്കെ നായിൻ്റെ മോനേന്നല്ലാതെ എന്തു വിളിക്കാനാണ് " - ഒന്നും മിണ്ടാനായില്ല.
കേരള ചരിത്രത്തിലെ ആദ്യകാല " ലൗ ജിഹാദ് " നടത്തിയ ദാമ്പത്യത്തിൻ്റെ ബാക്കിപത്രമാണ് കോഴിക്കോട് അബ്ദുൾ ഖാദറിൻ്റെ ജീവിത സഖിയായ ശാന്താദേവി. ഒപ്പമുണ്ടായിരുന്ന , കേട്ടിരുന്ന ദീദിയും ടി.എ. റസാക്കും ഒന്നും മിണ്ടിയില്ല. അവരെ വീട്ടിലാക്കി മടങ്ങുമ്പോൾ റസാക്ക് കുറ്റബോധത്തോടെ പറഞ്ഞു : " അവർ പറയുന്നത് സത്യമാണ്. അരനൂറ്റാണ്ട് കൊണ്ട് നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ച സ്ത്രീയാണത്. ദേശീയ പുരസ്കാര ജേതാവ്. സിനിമ അവർക്ക് ചെയ്ത ജോലിയുടെ ശബളം കൊടുത്തിരുന്നെങ്കിൽ അവരിന്ന് കോടീശ്വരിയാണ്. ഇങ്ങനത്തെ ഗതികേട് അവർക്കുണ്ടാകുമായിരുന്നില്ല. "
മലയാള സിനിമയുടെ സ്വന്തമായ ആ റസാക്ക് മരിച്ച സമയം ഏത് എന്ന് പോലും ഇന്നും ലോകത്തിനറിയില്ല. ഒരു പത്രവും ഒരു ചാനലും മരിച്ച ഇത്ര വർഷമായിട്ടും അത് അന്വേഷിച്ച് പുറത്ത് പറഞ്ഞു പോയിട്ടില്ല. ആ മൗനത്തിന് ഉലച്ചിലുണ്ടാക്കിയതിന് പലരും ജീവിതം കൊണ്ട് വില കൊടുത്തിട്ടുണ്ട്. അത് മറ്റൊരു ചരിത്രം. എന്നാൽ വേണു കഥാകൃത്തായി ജന്മമെടുക്കുന്ന "സ്ട്രോസിലന്തസ് " എന്ന പുസ്തകത്തിലൂടെ ആ റസാക്ക് അനുഭവത്തിൻ്റെ ഓർമ്മച്ഛായ ആവിഷ്ക്കരിക്കുന്ന കഥ പ്രസിദ്ധീകരിക്കാൻ മലയാളത്തിലെ പ്രമുഖ മൂന്ന് മാധ്യമങ്ങൾ തയ്യാറായില്ല എന്ന് പുസ്തകം ഏറ്റുവാങ്ങാൻ ചെന്ന നേരം വികാരഭരിതനായപ്പോൾ ഞെട്ടിപ്പോയി.
മരിച്ചാലും വിടില്ല അധികാരം . അതിൻ്റെ ഇരുണ്ടചരിത്രം വെളിച്ചം കൊണ്ട് പൊള്ളിയ്ക്കുന്നത് തടയാൻ ഏത് ഇരുട്ടും സ്വീകാര്യമാക്കപ്പെടും. അതിന് വേണ്ടി പറയാതെ പാടാതെ ഗൂഢാലോചനകളിൽ ഏർപ്പെടും അന്ധാധികാരം.
" കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറായി ആ ദേഹം അനാദരവിൻ്റെ ചൂളയിലാണ്. ആത്മാവ് നിന്ദയുടെ ശാപാഗ്നിയിലാണ്. കാണികൾ നിസ്സഹായതയുടെ വിതുമ്പലിലാണ് " - കഥാകൃത്ത് ഡോ. പി.പി. വേണുഗോപാൽ ആ അനുഭവത്തിൻ്റെ ഹൃദയമിടിപ്പ് വാക്കുകളിൽ പടർത്തുന്നു.
ജീവനും മരണത്തിനുമിടയിലെ ആറടിമണ്ണിൽ അമരർ എന്ന് ധരിച്ച് മനുഷ്യർ ഏർപ്പെടുത്ത അന്ധയാത്രകളുടെ ആവിഷ്കാരമായി "സ്ട്രോബിലാന്തസി " നെ വായിക്കാം. പുസ്തകം കൂടുതൽ വായനക്കാരിലേക്കും ഹൃദയങ്ങളിലേക്കും സഞ്ചരിക്കട്ടെ. ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള ബാക്കി വച്ച വഴികളിലൂടെ കടന്ന് ഡോ. വേണു മരണമുനമ്പിലെ പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നു. ആ അനുഭവം ആഹ്ലാദകരമാണ്. കാരണം അതൊരു പുറം കാഴ്ചയല്ല. നേരനുഭവമാണ്. ഭാഷാപരമായ സൗന്ദര്യത്തേക്കാൾ ഈ കഥകളുടെ ഊന്നൽ ഈ നേർക്കാഴ്ചകളാണ്. അത് വിരളമാണ്. "നീലക്കുറിഞ്ഞി " എഴുത്തിലും എപ്പോഴും പൂക്കാറില്ല എന്നത് തന്നെ ഈ കഥകൾക്ക് നിലനിൽക്കാനുള്ള ന്യായവും.
[ " സ്ടോബിലാന്തസ് " എന്നാൽ നീലക്കുറിഞ്ഞിയുടെ ശസ്ത്രനാമമാണ്. പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ വച്ചായിരുന്നു പ്രകാശനം . കോഴിക്കോട്ടെ ലിപി അക്ബറാണ് പ്രസാധകൻ. അവതാരിക പ്രമുഖ മാധ്യമ പ്രവർത്തകനായ എ.സജീവൻ . എനിക്കും ദീദിക്കുമുള്ള ഓഥേഴ്സ് കോപ്പി മിംസ് എമർജൻസി മെഡിസിൻ്റെ ഉള്ളിൽ അതിൻ്റെ മേധാവിയും കഥാകാരനുമായ വേണുവിൻ്റെ മുറിയിൽ നേരിൽ പോയി ഏറ്റുവാങ്ങി. ]
ഫോട്ടോ കടപ്പാട് : അണിഞ്ഞൊരുങ്ങാതെയും ഒരു തരി സ്വർണ്ണമണി യാതെയും ഇഷ്ടപ്പെട്ട സുഹൃത്തിനെ വിവാഹം കഴിക്കാമെന്ന് കാട്ടി ലോകത്തിന് മാതൃകയായ ഡോ. വേണു - ഡോ.സുപ്രിയ ദമ്പതിമാരുടെ മകൾ , പാപ്പാത്തിയുടെ കൂട്ടുകാരി , മിംസ് എമർജൻസി മെഡിസിനിലെ
No comments:
Post a Comment