Wednesday, January 5, 2022

സഫല നിമിഷങ്ങളുടെ പുനർജ്ജനി

രണ്ടായിരത്തി ഇരുപത്തി രണ്ട് ജനുവരി രണ്ട് ഞായറാഴ്ച മനോഹരമായതിന് ,ഊഷ്മളവും സുരഭിലവും ആയതിന് , ജീവിതത്തിലെ എന്നും ഓർക്കുന്നതായതിന്  ഒരു 
കാരണം മാത്രം .  അതുകൊണ്ടു തന്നെ അത്ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്.
അക്ഷരങ്ങളെ ആശയങ്ങളായും ആശയങ്ങളെ അക്ഷരങ്ങളായും മാറ്റുന്ന ഇന്ദ്രജാലം നമ്മുടെ മുൻപിൽ തുറന്നിട്ട നമ്മുടെ പ്രിയ എഴുത്തുകാരി , മനുഷ്യ സ്നേഹി , ഈ കാലത്തിന്റെ നിറ പ്രതീക്ഷ .. എന്റെ ഏററവും പ്രിയപ്പെട്ട സാറാ ടീച്ചർ , പ്രശസ്ത
എഴുത്തുകാരി ലോകം അറിയുന്ന നമ്മുടെ പ്രിയപ്പെട്ട സാറാജോസഫ് ..
തൃശൂർ മുളംകുന്നത്കാവ് , ഷൊർണ്ണൂർ റോഡിൽ മുളംകുന്നത്ത്കാവ്
അയ്യപ്പക്ഷേത്രത്തിന്തൊട്ടടുത്ത്അക്ഷരസാഗരങ്ങൾ അലയടിക്കുന്ന പർണ്ണശാല ,സഹ്യനെ തഴുകി വേഗത്തിൽ ആ വീടിനെ വലം വെച്ച്ചൂള മിടിച്ച്പെട്ടെന്ന്
പടിഞ്ഞാറോട്ട്ഓടി മറയുന്ന കുസൃതിക്കാറ്റിലും അക്ഷരസുഗന്ധം . ടീച്ചറുടെ വീട്ടിലെ നാനാ ജാതി വൃക്ഷലതാദികളിലും അക്ഷര സാന്നിധ്യം. അണപ്പൊട്ടി ഒഴുകുന്ന സ്നേഹം ,
വാൽസല്യം പ്രതീക്ഷ, ഗൃഹാതുരത്വം പിന്നെയും നിർവ്വചിക്കാനാവത്ത ഒരായിരം ബുധിനീ ഭാവങ്ങൾ , അലാഹയുടെ പെൺമക്കളും മാറ്റാത്തിയും അവിടെയൊക്കെ
തന്നെ ഓടി നടക്കുന്നു , ചിലപ്പോഴൊക്കെ നമ്മെ നോക്കി ചിരിച്ചു മറയുന്നു  .  അക്ഷര പൂജയുടെ ഇലഞ്ഞിത്തല മേളവും എഴുത്തിൻ്റെ ലോകത്തെ അത്യപൂർവ്വമായ അനേക കോടി ഭാവനകളുടെ വർണ്ണ കുട മാറ്റവും  അവിടെ യൊക്കെ നിറഞ്ഞു നിൽക്കുന്നു. നമ്മൾ ധന്യരാകുന്നു. 
കോവിഡാരംഭത്തിനും ഒന്നോ രണ്ടോ വർഷങ്ങൾക്ക്മുൻപാണ്  ടീച്ചറെ 
തൊള്ളായിരത്തി എൺപതിന്ശേഷം ഞാൻ കാണുന്നത്. ടീച്ചർക്ക്ആത്മാവിലറിയുന്ന
ഒരു രോഗിയുടെ ചികിൽസ സംബന്ധിയായ കാര്യത്തിന്. അന്ന്ടീച്ചർ പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത കോളേജിൽ പഠിപ്പിച്ച ഒരു വിദ്യാർത്ഥി പിന്നീട് വൈദ്യവിദ്യാഭ്യാസവും  ഉപരിപഠനവും കഴിഞ്ഞ്കോഴിക്കോട്ടെ വലിയ ഒരു കോർപ്പറേറ്റ് ആശുപത്രിയിൽ ജോലി ചെയ്യുന്ന ആൾ എന്ന നിലയായിരുന്നു കണ്ടതും
സംസാരിച്ചതും എല്ലാം.
എന്നാൽ ഇന്ന്ഞാൻ ടീച്ചറുടെ മുൻപിൽ ഇരിക്കുമ്പോൾ, ഏതാനും അക്ഷരങ്ങളാൽ കോറിയിട്ട എന്റെ സ്രോബിലാന്തസിന്റെ  കോപ്പിയുമായി , ഞാൻ ആ പഴയ കാല വിദ്യാർത്ഥിയായി വിനീതനാവുമ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ
ഏതാനും നിമിഷങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. ആകെ പടർന്ന്പന്തലിച്ച്
നിൽക്കുന്ന ഒരു മഹാവൃക്ഷത്തിന്റെ താഴേ നിന്ന്മെല്ലെമെല്ലെതല നീട്ടി നോക്കുന്ന ഒരു കൊച്ചു ചെടി പോലെ.
ടീച്ചർ ഇന്നലെ എത്തിയതേയുള്ളൂ . പോണ്ടിച്ചേരിയിൽ നിന്ന് . ഒരു പരിപാടിയിൽ പങ്കെടുത്തശേഷം. രാവിലെ പത്തുമണി . ഇള വെയിൽ മര ചില്ലകൾക്കിടയിലൂടെ എത്തിനോക്കി. ഒരു മണിക്കൂറിലധികം  ഭൂമിയിലെയും ആകാശത്തിലേയും
അതിന്നപ്പുറത്തേയും ഒരു പാട്കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു. ഈ സമയമത്രയും ഒരു ധ്യാനസമാനമായ അവസ്ഥയിൽ ആയിരുന്നു ഞാൻ. ഭൂതവും ഭാവിയും ഒരു ബിന്ദുവിൽ
ഒന്നാകുന്ന വർത്തമാനത്തിന്റെ മേളനങ്ങളിലെ  ആമോദനിമിഷങ്ങൾ.
ശാസ്ത്രം പ്രത്യേകിച്ച്  വൈദ്യശാസ്ത്രം പഠിക്കുന്നവർക്ക്സാഹിത്യം കൂടി ഒരു
അനുബന്ധ വിഷയമാകണമെന്ന ടീച്ചറുടെ വീക്ഷണം വളരെ പ്രസക്തമായി തോന്നി .
ഹൃദയം കൊണ്ട് ചികിൽസിക്കുന്ന ഡോക്ടർമാരുടെ എണ്ണം അനുദിനം കുറഞ്ഞു വരുന്നഈകാലഘട്ടത്തിൽ . കലയും ശാസ്ത്രവും നിശ്ചിത അനുപാതത്തിൽ മേളിക്കുമ്പോൾ മാത്രമാണ്  ശാസ്ത്രത്തിന് ജീവനും  കലക്ക്  കാതലും  ഉണ്ടാകുന്നത്.
സ്നേഹത്തിൽ ചാലിച്ച കാപ്പിയും കുടിച്ച്സ്നേഹാദരം ടീച്ചറുടെ വീട്ടിൽ നിന്ന്  ഇറങ്ങുന്നതിന്മുൻപ്ഞാൻ എന്റെ അക്ഷരകൂട്ട്ടീച്ചറുടെ കാൽക്കൽ വെച്ച്  കാൽ തൊട്ട് ഹൃദയം തൊട്ട് 
വന്ദിച്ചു. എനിക്ക്കിട്ടാവുന്ന എന്റെ ജീവിതത്തിലെ  ഏറ്റവും വലിയ സമ്പാദ്യമായിരുന്നു ഈ നിമിഷങ്ങൾ.
ടീച്ചറുടെ ഏറ്റവും പുതിയ പുസ്തകമായ ബുധിനിയുടെ ഓതർ കോപ്പി ടീച്ചറുടെ
ഓട്ടോഗ്രാഫോടെ കൈപ്പറ്റുമ്പോൾ ഈ ലോകം മുഴുവൻ കീഴടക്കിയ പ്രതീതിആയിരുന്നു എനിക്ക്.
പതിനൊന്നരയോടെ സാറ ടീച്ചറുടെ വീട്ടിൽ നിന്നിറക്കുമ്പോൾ ഒരു യുഗജേതാവിന്റെ ഭാവമായിരുന്നു എനിക്ക്. ടീച്ചറുടെ വീട്ടിലെ മരങ്ങളെ തലോടി ചൂളമടിച്ച്പാലക്കാടൻ
കാറ്റ് അപ്പോഴും പടിഞ്ഞാറൻ ചക്രവാളത്തിലേക്ക്  അലസമായി  പാഞ്ഞു. ടീച്ചറുടെ സവിധത്തിൽ ഞാൻ എന്റെ ബാല്യത്തിലേക്കും കൌമാരത്തിലേക്കും പാഞ്ഞ പോലെ.
(ബുധിനിക്ക് ഓടക്കുഴൽ അവാർഡ് കിട്ടിയ വാർത്ത ഇതെഴുതുമ്പോഴാണ് അറിയുന്നത്. എൻ്റെ ഇപ്പോഴത്തെ സന്തോഷത്തെ എനിക്ക് വിവരിക്കാനാവുന്നില്ല. അതല്ലെങ്കിൽ അതിനുള്ള പദങ്ങളെ തേടി ഞാൻ ... )

1 comment:

Unknown said...

Dear Dr Venu greetings, I am more attracted and got elated and exclaimed about the beauty of the malayalam vocabulary that you were freely and effortlessly made flown out of your pen!!
Amazing Venu, I didn't know that you are so vividly genius in literature creativity.
Sara Joseph will surely be proud of her student. May God bless.

Trauma Code in Hospitals -How to set it

  To set up a Trauma Code in an Indian multispeciality hospital, guidelines draw on national standards from the Ministry of Health and Famil...