സ്ട്രോബിലാന്തസ്" സുഖമുള്ള വായനാനുഭവം....: മോഹൻ ചെറുകര

''സ്ട്രോബിലാന്തസ്" 
സുഖമുള്ള വായനാനുഭവം...., ചിന്തോദീപ്തമായ കഥകൾ സമ്മാനിച്ച ഡോക്ടർ വേണു സാഹിത്യ രംഗത്ത് വളരെ വലിയ പ്രതീക്ഷയാണ് !
വ്യാഴവട്ടത്തിൽ വെളിച്ചത്തെത്തുന്ന നീലകുറുഞ്ഞിവസന്തം പോലെ, ഒരു വ്യാഴവട്ടത്തിലേറെ ഡോ: വേണുവിൻ്റെ സർഗ്ഗചെപ്പിലൊളിച്ചിരുന്ന കഥാലോകം "സ്ട്രോബിലാന്തസ് " എന്ന കഥാസമാഹാരത്തിലൂടെ പ്രകാശിതമായപ്പോൾ അവാച്യമായ വായനാനുഭവമാണ് സാഹിത്യാസ്വാദകർക്ക് സമ്മാനിച്ചിട്ടുള്ളത്.
2005 ൽ ദേശാഭിമാനി വാരികയിൽ വന്ന " അത് നിങ്ങളുടെ കുറ്റമാണ് "എന്ന കഥയും ,2006ൽ ദേശാഭിമാനി വാരികയിൽ വന്ന "സ്ട്രോബിലാന്തസ് " എന്ന കഥയും അക്കാലത്തു തന്നെ ഞാൻ വായിച്ചിട്ടുള്ളതാണ്.ഡോ: വേണുവിൻ്റെ രചന വൈഭവത്തെ കുറിച്ചും, കഥയിലെ സാമൂഹ്യ വിഷയത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം, അന്നു തന്നെ അദ്ദേഹത്തോട് നേരിട്ട് പങ്കുവെച്ചിരുന്നു.
കാലമേറെ കഴിഞ്ഞട്ടും, ഇപ്പോഴത്തെ പുനർവായനയിലും കാലിക പ്രസക്തി ഒട്ടും ചോരാതെ ആ കഥകൾ ഉദിച്ചു നില്ക്കുന്നു എന്നത്, കാമ്പും കാതലുമുള്ള കഥ രചനകളായതു കൊണ്ടു മാത്രമാണ്. ആത്മകഥാശംമില്ലാത്ത കഥകൾ, ജീവനില്ലാതെ കാല പഴക്കത്തിൽ മങ്ങി പോകുന്ന മണവും ഗുണവുമില്ലാത്ത വെറും പ്ലാസ്റ്റിക്ക് പൂക്കളാണ്. ആത്മകഥാശം അലിയിച്ചു ചേർത്ത ജീവനുള്ള കഥകളാണ് ഡോ. വേണുവിൻ്റെ ഈ 6 കഥകളും.
കഥയ്ക്കു വേണ്ടി കഥയെഴുതുകയല്ല ഈ ഭിഷഗ്വരൻ ! 
"പുത്രകാമേഷ്ടി " എന്ന കഥയിലെ വരികൾക്കിടയിൽ നിന്ന് "... കഥയ്ക്കു വേണ്ടി കഥയെഴുതുക. അതൊക്കെ എന്നെക്കൊണ്ട് തീരെ പറ്റാത്ത കാര്യങ്ങളാണ്. "
".......... ഇതെന്താണപ്പോ ഫാസ്റ്റ്ഫുഡ്‌ റസ്റ്റോറൻ്റോ? ഓർഡർ ചെയത് ഇരുപത് മിനിട്ടിനുള്ളിൽ സേർവ് ചെയ്യാൻ " എന്നീ വരികളിൽ കഥാകാരൻ്റെ  മനോഭാവം പുറത്തുചാടുന്നുണ്ട്.
അതു കൊണ്ടു തന്നെ പച്ചയയായ സാമൂഹിക പശ്ചാതലത്തിൽ സ്പന്ദിക്കുന്ന ജീവതങ്ങൾ വരച്ചു വെച്ച കഥകളാണ് ഇതിലുള്ളത്. 
ആധുനിക ആതുരശുശ്രഷാ 
രംഗത്തും വൈദ്യശാസ്ത്ര പഠന-വിപണനമേഖലകളിലും അടിഞ്ഞുകൂടിയ ആധുനിക ജീർണ്ണതകൾക്കെതിരെയുള്ള, ആത്മരോഷങ്ങളാണ് കഥകളിലെ പൊതു ത്രെഡ്. എന്നാൽ ഒരോ കഥയും ഒന്നിനൊന്ന് വിത്യസ്ഥവും, വിത്യസ്ഥരചന രീതി കൊണ്ട് വൈവിധ്യമാർന്ന വായന രസവും നല്കുന്നതാണ്. 
ഡോക്ടർ വേണുവിൻ്റെ തനത് രചനാ ശൈലി, അതി മനോഹരവും വേറിട്ടതുമാണ്.
അദ്ദേഹത്തിൻ്റെ പരന്ന വായനയുടെയും അനുഭവങ്ങളുടെയും സത്ത മുഴുവൻ ഒരോ കഥയിലും നിറഞ്ഞു പരന്നിട്ടുണ്ട്. വേദപുരാണങ്ങളും, ഐതിഹ്യങ്ങളും, തത്വചിന്തങ്ങളും സന്ദർഭോചിതമായി തുന്നിച്ചേർത്ത മനോഹരമായ വർണ്ണശഭള പരവതാനികളാണ് എല്ലാ കഥകളും. കഥാഗതി ഉദ്വേജകവും, വായനക്കാരനെ പിടിച്ചിരുത്തി വായിക്കാൻ നിർബന്ധിതവുമാക്കുന്നു. 
വായിച്ചു കഴിഞ്ഞ് ദിനരാത്രങ്ങൾ പിന്നിട്ടു കഴിഞ്ഞാലും, ഡോക്ടറുടെ കഥകളും കഥാപാത്രങ്ങളും വായനക്കാരനെ വേട്ടയാടി കൊണ്ടേയിരിക്കുന്ന മാന്ത്രികത, ഈ കഥകളുടെയും കഥാകഥനത്തിൻ്റെയും പ്രത്യേകതായാണ്.
ഡോ. വേണുവിൻ്റെ ജീവിതാവസ്ഥകളെകുറിച്ച് കുറെയൊക്കെ നേരിട്ടറിയാവുന്ന വ്യക്തി എന്ന നിലക്ക് ഈ കഥകളിലെ കഥാകാരൻ്റെ ആത്മനൊമ്പരങ്ങളും രോഷങ്ങളും എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ഞാൻ അദ്ദേഹത്തിൻ്റെ നാട്ടുകാരനായതു കൊണ്ടു മാത്രമല്ല ഇതു പറയുന്നത്.  എന്നെക്കാൾ 8 വയസ്സു കുറഞ്ഞ എൻ്റെ അനുജത്തിയുടെ, പ്രൈമറി വിദ്യാഭ്യാസ കാലത്തെ സഹപാഠിയായിരുന്ന ഡോ: വേണുവിനെ കുട്ടിക്കാലം മുതലേ എനിക്ക് സുപരിചിതമാണ്. അന്നവർ നാടകങ്ങളിലും മറ്റും പങ്കെടുത്തിരുന്നതടക്കമുള്ള ഓർമ്മചിത്രങ്ങൾ എൻ്റെ സ്മൃതിയിലുണ്ട്.സാധാരണ ഗ്രാമീണ കുടുംബത്തിൽ പിറന്ന്, പൊതുവിദ്യാലയങ്ങളിലൂടെ പഠിച്ചു വളർന്ന്, അറിയപ്പെടുന്ന ഒരു ഭിഷഗ്വരനായപ്പോഴും, വളർന്നു വന്ന വഴികൾ അദ്ദേഹം മറന്നിരുന്നില്ലെന്ന്, പലപ്പോഴും എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ അടിസ്ഥാന സ്വഭാവ വിശേഷണവും സാഹിത്യാഭിരുചിയും, പരന്ന വായനയും അദ്ദേഹത്തെ നല്ലൊരു സാഹിത്യകാരനും, മനുഷ്യപറ്റുള്ള നല്ലൊരു ഡോക്ടറുമാക്കിയെന്നതാണ് സത്യം .
അതുകൊണ്ടാണ് ഡോ: വേണുവിന് ആശുപത്രി ചുമരുകൾക്ക് പുറത്ത് വലിയൊരു സൗഹൃദവലയമുണ്ടായതും, "ഏഞ്ചൽ " പോലുള്ള സംഘടനകൾക്ക് ജന്മം നല്കാൻ കഴിഞ്ഞതും. 
ഈ സന്ദർഭത്തിൽ ,
പ്രശസ്ത സാഹിത്യകാരൻ വി.പി വാസുദേവൻ മാസ്റ്റർ പറഞ്ഞ ഒരു കാര്യം എൻ്റെ ഓർമ്മയിലെത്തുകയാണ്.
അദ്ദേഹം 1984-88 കാലത്ത് കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് മെമ്പറായിരുന്ന ഘട്ടത്തിൽ, സെനറ്റിൽ ഒരു പ്രമേയം കൊണ്ടുവരികയുണ്ടായി.മെഡിക്കൽ വിദ്യാർത്ഥികൾക്ക് ബർണാഡ്ഷായുടെ "ഡോക്ടേഴ്‌ ഡയലമ " എന്ന നാടകവും ഡോ: എ.ജെ. ക്രോണിൻ്റെ "സിറ്റേഡൽ" എന്ന നോവലും (1930 കളിലെ ഇംഗ്ലണ്ടിലെ വൈദ്യ ശുശ്രൂഷ രംഗത്തെ ജീർണ്ണതകളാണ് നോവലിലെ പ്രതിപാദനം) അതുപോലുള്ള മറ്റു സാഹിത്യരചനകളും പാഠ്യവിഷയമാക്കണം എന്നതായിരുന്നു പ്രസ്തുത പ്രമേയത്തിൻ്റെ കാതൽ. കേവല മെഡിക്കൽ പ്രൊഫഷണലുകളെ പടച്ചുവിട്ട്, കമ്പോളസംസ്കാരത്തിൻ്റെ അടിമകളാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനു പകരം മനുഷ്യമുഖമുള്ള പ്രൊഫഷനുകളെ സൃഷ്ടിച്ചെടുക്കുക എന്നാണ് ,പ്രമേയവിഷയം കൊണ്ട് ഉദ്ദേശിച്ചിരുന്നത്.
ഈ വസ്തുത ഊട്ടി ഉറപ്പിക്കുന്നതാണ് ഡോ: വേണുവിൻ്റെ ജീവിതസന്ദേശം.
എന്തായാലും മലയാളത്തിൻ്റെ മാക്സിംഗോർക്കിയായ പ്രൊഫസർ ചെറുകാട് ഹരിശ്രികുറിച്ച ചെറുകര എയ്ഡഡ് യു. പി.സ്കൂളിലെ പിൻതുടർച്ചക്കാരനായ പൂവ്വത്തും പറമ്പിൽ വേണുഗോപാലനെന്ന ഡോ: വേണുവിന് ചെറുകാടിൻ്റെ ഉയരങ്ങളെ കിഴടക്കാൻ കഴിയട്ടെയെന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. 
ഞങ്ങളുടെ"ഏലംകുളം എഴുത്ത് " എന്ന സാഹിത്യ വാട്ട്സ്പ്പ് കുട്ടായ്മയിലും, "ചെറുകര സ്മരണകൾ " എന്ന ഫേയ്സ്ബുക്ക് കുട്ടായ്മയിലും അംഗമായ ഡോ.. വേണുവിന് ജന്മനാട്ടിലെ സാഹിത്യാ-സാമൂഹ്യമാധ്യമ കുട്ടായ്മയകളുടെ പേരിലും പ്രത്യേക അഭിനന്ദനങ്ങൾ അർപ്പിക്കട്ടെ!
മോഹൻ ചെറുകര .

Comments

Popular posts from this blog

Mooppada Home : A complete go green concept home in my home village

Voting 2024 , some disturbing medical emergency thoughts ...

Sundariye.... Sundariye