Saturday, July 4, 2020

ER and reality (Dr Kamal)

Kamal Dev wrote 
ED യും ഞാനും തമ്മിൽ. 

മലയാളം തന്നെ അക്ഷരം തെറ്റാതെ അറിയാത്ത പ്രായത്തിൽ ഇറങ്ങിത്തുടങ്ങിയ ഹാരിപോർട്ടർ ഇത്രയും കാലത്തിനു ശേഷം ഒരുളിപ്പുമില്ലാതെ ആദ്യ വായന നടത്തുന്ന സമയം. അങ്ങ് ദൂരെ ഒരു സൈറൺ മുഴക്കം. അത് അടുത്ത് വന്നു കൊണ്ടേ ഇരുന്നു. ഞാൻ പുസ്തകമടച്ചു. നിമിഷങ്ങൾക്കുള്ളിൽ EMS സ്റ്റാഫ്‌ ഹൃദയ സ്തംഭനം വന്ന ഒരാളെ ED(emergency medicine department)യിലേക്ക് കൊണ്ടുവന്നു. ബന്ധുക്കളുടെ കണ്ണുകൾ പ്രതീക്ഷ വെടിഞ്ഞു കണ്ണുനീരിലേക്ക് പരിവർത്തിച്ചു തുടങ്ങിയിരുന്നു. കൂടെ വന്ന അയൽക്കാർ 
"ആ വാർത്തയ്ക്കായി " കാത്തു നില്കുന്നു. ED ഡോക്ടർ, നഴ്സുമാർ പിന്നെ EMS സ്റ്റാഫ്‌ അടങ്ങുന്ന ഒരു ടീമിന്റെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ആ മധ്യവയസ്കന്റെ ഹൃദയം വീണ്ടും മിടിക്കാൻ തുടങ്ങി. ബന്ധുക്കളുടെ മനസ്സ് ഈ ഒരവസ്ഥയിൽ കലുഷിതമായിരിക്കും എന്ന് പറയേണ്ടതില്ലലോ. ഞങ്ങളുടെ ശബ്ദം പോലും ആ കാതുകളിൽ പതിഞ്ഞോ എന്നെനിക്ക് സംശയമാണ്. ഒടുവിൽ രോഗിയെ intubate ചെയ്ത് ICU ലേക്ക് മാറ്റി. ആഴ്ചകൾക്കു ശേഷം ഞാൻ പ്രസ്തുത പുസ്തകത്തിന്റെ അവസാന ഭാഗങ്ങളിൽ ഇംഗ്ലീഷുമായി മൽപ്പിടുത്തം നടത്തുന്ന സമയം. എന്റെ ഡിപ്പാർട്മെന്റിലൂടെ ആ മധ്യവയസ്‌കൻ ഒരു വീൽചെയറിൽ പുറത്തേക് പോകുന്നത് കണ്ടു. സന്തോഷം അടക്കാനാവാതെ ഞാൻ അദ്ദേഹത്തോട് പുഞ്ചിരിച്ചു. ഒരു അപരിചിതനോടുള്ള മന്ദഹാസമായിരുന്നു എനിക്ക് തിരിച്ചു കിട്ടിയത്. 
അതങ്ങനെയാണ് !! ആ മനുഷ്യൻ ഒരുപാട് പേരോട് നന്ദി പറഞ്ഞു കാണും. താൻ കണ്ണ് തുറക്കുമ്പോൾ മുന്നിലുണ്ടായ ഡോക്ടറോട്, നഴ്സുമാരോട്, അദ്ദേഹത്തെ പരിചരിച്ച സ്റ്റാഫ്‌മാരോട്. എന്നാൽ ആ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ അയാളുടെ ഓർമകളിൽ പോലും ഇല്ല. ഇപ്പോൾ അയാൾ കടന്നു പോയ ഞങ്ങളുടെ ഡിപ്പാർട്മെന്റ് അയാൾ ഇതുവരെ കണ്ടിട്ടില്ലാത്ത തികച്ചും അന്യമായ ഒരു സ്ഥലം മാത്രമാണ്. ആഴ്ചകൾക്കു മുൻപ് അയാൾ ബോധമറ്റ് ഇവിടേക്ക് വന്നതും ഞങ്ങൾ എല്ലാവരും കഷ്ടപ്പെട്ട് അയാളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതും ഒന്നും ഇന്ന് അദ്ദേഹത്തിന്റെ ബോധമണ്ഡലത്തിലില്ല.

ED സ്റ്റാഫ്‌ ഒരു ചെറു പുഞ്ചിരിയോടെ അയാളെ യാത്രയാക്കി. എമർജൻസി മെഡിസിൻ അല്ലാതെ മറ്റൊരു ഡിപ്പാർട്മെന്റിനും അന്നയാളുടെ ജീവൻ രക്ഷിക്കാൻ പറ്റില്ലായിരുന്നു. ചുവരുണ്ടെങ്കിലല്ലേ ചിത്രമെഴുതാൻ പറ്റൂ എന്നത് നാം മറക്കരുത്. 
"അടി ചെണ്ടക്കും പണം മാരാർക്കും ലേ? " അതാണ് പ്രയോഗം. പക്ഷെ എന്ത് ചെയ്യാൻ, ED യിലെ എന്റെ ഗുരുനാഥരും, സഹപാഠികളും പിന്നെ ഈ പുസ്തകവും എന്നെ വല്ലാതെ മാറ്റിയിരിക്കുന്നു, എന്റെ ചിന്തകളെയും. അയാൾ സത്യത്തിൽ ഞങ്ങൾക്ക് വേണ്ടിയും ഒരു നന്ദി മാറ്റിവെച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി പറഞ്ഞതിന് ശേഷം അയാൾ ഇത് വരെ കാണാത്ത, ഉണ്ടോ ഇല്ലയോ എന്ന് അയാൾക്കു പോലും ഉറപ്പില്ലാത്ത ഒരു ശക്തിയെ സ്മരിച്ചിരുന്നു, നിറഞ്ഞ മനസ്സോടെ! ആ നന്ദിയുടെ ഓഹരി പറ്റുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് എന്ന് ഈ ED കാർ എന്നെ എപ്പോഴേ പഠിപ്പിച്ചിരിക്കുന്നു . പിന്നെ ഈ പുസ്തകം, "ഒരു അമാനുഷികന്റെ ഏറ്റവും വലിയ അമാനുഷികത അവൻ അദൃശ്യനാകുന്നതിലാണ് "എന്ന് ഈ വൃത്തികെട്ട പുസ്തകവും എനിക്ക് ഇതിനോടകം പറഞ്ഞു തന്നിരുന്നു. അത് കൊണ്ട് മേല്പറഞ്ഞ അടികൊള്ളാൻ ചെണ്ട, പണം വാങ്ങാൻ മാരാർ എന്ന പ്രയോഗം ഞാൻ പിൻ‌വലിക്കുന്നു. 
എങ്കിലും ഒരു അപരിചിതനോടെന്ന പോലത്തെ ആ ചിരി എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഞങ്ങളുടെ മുഖം അയാളുടെ ഓർമകളിലെ ഇരുട്ടിലെവിടെയോ മറഞ്ഞുപോയോ എന്നൊരു വെമ്പൽ ! എന്നാൽ ആ വിഷമവും ഈ പുസ്തകത്തിലെ അവസാന വരികൾ വായിച്ചപ്പോൾ ഇല്ലാതായി. ഇത്രയും കാലം പോർട്ടറിന്റെ രക്ഷകനായിരുന്നത് Snape ആയിരുന്നു പോലും. ആരും അറിയാതെ, ഒരു നന്ദിവാക്കു പോലും കേൾക്കാതെ, ഒരു ചിരി പോലും തിരിച്ചു കിട്ടാതെ !! Snape നെ പറ്റി അതിൽ ആരോ ഇങ്ങനെ എഴുതി ചേർത്തിരിക്കുന്നു. 
"Sometimes Heroes can hide in the most unlikely of places"..
Yes, Sometimes we do... 

Kamaldev
ശുഭം.

No comments:

A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity

A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity On a spiritually charged visit to the sacred city of Ayodhya, we fou...