Friday, January 7, 2022

ഹൃദയ സ്പർശിയായ എഴുത്ത് : ശോഭന ടീച്ചർ ചെറുകര

👌 പുസ്തകം വായിച്ചപ്പോൾ സോക്ടർ എൻ്റെ ശിഷ്യനല്ലെങ്കിലും ഈ ചെറുകര ഗ്രാമത്തിൻ്റെ മാണിക്യമായിട്ടാണ് എനിക്ക് തോന്നിയത്.ഉള്ളുതുറന്ന് ആത്മാർത്ഥമായി നെഞ്ചോട് ചേർത്ത് പിടിച്ച് ഒപ്പിയെടുത്ത ഓരോ വാചകങ്ങളും ഹൃദയസ്പർശമാണെന്നതിൽ അദ്ദേഹത്തെ ഞാൻ ഹൃദയപൂർവ്വം തന്നെ അഭിനന്ദിക്കുന്നു എനിയും ഇത്തരം പുസ്തകങ്ങൾ രചിക്കാനും നല്ലൊരു എഴുത്തുകാരൻ, ഡോക്ടർ എന്ന നിലയിലും പ്രശസ്തി ലോകമെമ്പാടും വ്യാപിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തട്ടെ. സ്നേഹപുർവ്വം 
ശോഭന ചെറുകര
സ്ട്രോബിലാന്തസിനെ നമ്മുടെ പ്രിയപ്പെട്ട അദ്ധ്യാപകരിൽ എത്തിച്ച ശോഭന ടീച്ചർ, ഒരു പാട് നന്ദി. 
ടീച്ചർ എനിക്കയച്ച സന്ദേശം ഇവിടെ ചേർന്നു
(നമസ്കാരം.താങ്കളുടെ പുസ്തകം രമണൻ മാഷ്, NP മാഷ് അങ്ങനെ വായന താല്പര്യമുള്ളവർക്ക് എല്ലാം പുസ്തകം കൊടുക്കുകയും വായിച്ച് റിവ്യൂ തരണമെന്ന് പറഞ്ഞു. പലരും വിളിച്ച് അഭിപ്രായം പറഞ്ഞു. എല്ലാവർക്കും  നല്ല അഭിപ്രായം ആണ്. എനിയും മനസ്സിൽ സ്പർ ശിക്കുന്ന ചുറ്റുമുള്ള അനുഭവങ്ങൾ ഞങ്ങൾക്കു വേണ്ടി പങ്കുവെക്കാൻ കഴിയട്ടെ നല്ല പുസ്തകങ്ങൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. )

Thursday, January 6, 2022

സ്ട്രോബിലാന്തസ്" സുഖമുള്ള വായനാനുഭവം....: മോഹൻ ചെറുകര

''സ്ട്രോബിലാന്തസ്" 
സുഖമുള്ള വായനാനുഭവം...., ചിന്തോദീപ്തമായ കഥകൾ സമ്മാനിച്ച ഡോക്ടർ വേണു സാഹിത്യ രംഗത്ത് വളരെ വലിയ പ്രതീക്ഷയാണ് !
വ്യാഴവട്ടത്തിൽ വെളിച്ചത്തെത്തുന്ന നീലകുറുഞ്ഞിവസന്തം പോലെ, ഒരു വ്യാഴവട്ടത്തിലേറെ ഡോ: വേണുവിൻ്റെ സർഗ്ഗചെപ്പിലൊളിച്ചിരുന്ന കഥാലോകം "സ്ട്രോബിലാന്തസ് " എന്ന കഥാസമാഹാരത്തിലൂടെ പ്രകാശിതമായപ്പോൾ അവാച്യമായ വായനാനുഭവമാണ് സാഹിത്യാസ്വാദകർക്ക് സമ്മാനിച്ചിട്ടുള്ളത്.
2005 ൽ ദേശാഭിമാനി വാരികയിൽ വന്ന " അത് നിങ്ങളുടെ കുറ്റമാണ് "എന്ന കഥയും ,2006ൽ ദേശാഭിമാനി വാരികയിൽ വന്ന "സ്ട്രോബിലാന്തസ് " എന്ന കഥയും അക്കാലത്തു തന്നെ ഞാൻ വായിച്ചിട്ടുള്ളതാണ്.ഡോ: വേണുവിൻ്റെ രചന വൈഭവത്തെ കുറിച്ചും, കഥയിലെ സാമൂഹ്യ വിഷയത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം, അന്നു തന്നെ അദ്ദേഹത്തോട് നേരിട്ട് പങ്കുവെച്ചിരുന്നു.
കാലമേറെ കഴിഞ്ഞട്ടും, ഇപ്പോഴത്തെ പുനർവായനയിലും കാലിക പ്രസക്തി ഒട്ടും ചോരാതെ ആ കഥകൾ ഉദിച്ചു നില്ക്കുന്നു എന്നത്, കാമ്പും കാതലുമുള്ള കഥ രചനകളായതു കൊണ്ടു മാത്രമാണ്. ആത്മകഥാശംമില്ലാത്ത കഥകൾ, ജീവനില്ലാതെ കാല പഴക്കത്തിൽ മങ്ങി പോകുന്ന മണവും ഗുണവുമില്ലാത്ത വെറും പ്ലാസ്റ്റിക്ക് പൂക്കളാണ്. ആത്മകഥാശം അലിയിച്ചു ചേർത്ത ജീവനുള്ള കഥകളാണ് ഡോ. വേണുവിൻ്റെ ഈ 6 കഥകളും.
കഥയ്ക്കു വേണ്ടി കഥയെഴുതുകയല്ല ഈ ഭിഷഗ്വരൻ ! 
"പുത്രകാമേഷ്ടി " എന്ന കഥയിലെ വരികൾക്കിടയിൽ നിന്ന് "... കഥയ്ക്കു വേണ്ടി കഥയെഴുതുക. അതൊക്കെ എന്നെക്കൊണ്ട് തീരെ പറ്റാത്ത കാര്യങ്ങളാണ്. "
".......... ഇതെന്താണപ്പോ ഫാസ്റ്റ്ഫുഡ്‌ റസ്റ്റോറൻ്റോ? ഓർഡർ ചെയത് ഇരുപത് മിനിട്ടിനുള്ളിൽ സേർവ് ചെയ്യാൻ " എന്നീ വരികളിൽ കഥാകാരൻ്റെ  മനോഭാവം പുറത്തുചാടുന്നുണ്ട്.
അതു കൊണ്ടു തന്നെ പച്ചയയായ സാമൂഹിക പശ്ചാതലത്തിൽ സ്പന്ദിക്കുന്ന ജീവതങ്ങൾ വരച്ചു വെച്ച കഥകളാണ് ഇതിലുള്ളത്. 
ആധുനിക ആതുരശുശ്രഷാ 
രംഗത്തും വൈദ്യശാസ്ത്ര പഠന-വിപണനമേഖലകളിലും അടിഞ്ഞുകൂടിയ ആധുനിക ജീർണ്ണതകൾക്കെതിരെയുള്ള, ആത്മരോഷങ്ങളാണ് കഥകളിലെ പൊതു ത്രെഡ്. എന്നാൽ ഒരോ കഥയും ഒന്നിനൊന്ന് വിത്യസ്ഥവും, വിത്യസ്ഥരചന രീതി കൊണ്ട് വൈവിധ്യമാർന്ന വായന രസവും നല്കുന്നതാണ്. 
ഡോക്ടർ വേണുവിൻ്റെ തനത് രചനാ ശൈലി, അതി മനോഹരവും വേറിട്ടതുമാണ്.
അദ്ദേഹത്തിൻ്റെ പരന്ന വായനയുടെയും അനുഭവങ്ങളുടെയും സത്ത മുഴുവൻ ഒരോ കഥയിലും നിറഞ്ഞു പരന്നിട്ടുണ്ട്. വേദപുരാണങ്ങളും, ഐതിഹ്യങ്ങളും, തത്വചിന്തങ്ങളും സന്ദർഭോചിതമായി തുന്നിച്ചേർത്ത മനോഹരമായ വർണ്ണശഭള പരവതാനികളാണ് എല്ലാ കഥകളും. കഥാഗതി ഉദ്വേജകവും, വായനക്കാരനെ പിടിച്ചിരുത്തി വായിക്കാൻ നിർബന്ധിതവുമാക്കുന്നു. 
വായിച്ചു കഴിഞ്ഞ് ദിനരാത്രങ്ങൾ പിന്നിട്ടു കഴിഞ്ഞാലും, ഡോക്ടറുടെ കഥകളും കഥാപാത്രങ്ങളും വായനക്കാരനെ വേട്ടയാടി കൊണ്ടേയിരിക്കുന്ന മാന്ത്രികത, ഈ കഥകളുടെയും കഥാകഥനത്തിൻ്റെയും പ്രത്യേകതായാണ്.
ഡോ. വേണുവിൻ്റെ ജീവിതാവസ്ഥകളെകുറിച്ച് കുറെയൊക്കെ നേരിട്ടറിയാവുന്ന വ്യക്തി എന്ന നിലക്ക് ഈ കഥകളിലെ കഥാകാരൻ്റെ ആത്മനൊമ്പരങ്ങളും രോഷങ്ങളും എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ഞാൻ അദ്ദേഹത്തിൻ്റെ നാട്ടുകാരനായതു കൊണ്ടു മാത്രമല്ല ഇതു പറയുന്നത്.  എന്നെക്കാൾ 8 വയസ്സു കുറഞ്ഞ എൻ്റെ അനുജത്തിയുടെ, പ്രൈമറി വിദ്യാഭ്യാസ കാലത്തെ സഹപാഠിയായിരുന്ന ഡോ: വേണുവിനെ കുട്ടിക്കാലം മുതലേ എനിക്ക് സുപരിചിതമാണ്. അന്നവർ നാടകങ്ങളിലും മറ്റും പങ്കെടുത്തിരുന്നതടക്കമുള്ള ഓർമ്മചിത്രങ്ങൾ എൻ്റെ സ്മൃതിയിലുണ്ട്.സാധാരണ ഗ്രാമീണ കുടുംബത്തിൽ പിറന്ന്, പൊതുവിദ്യാലയങ്ങളിലൂടെ പഠിച്ചു വളർന്ന്, അറിയപ്പെടുന്ന ഒരു ഭിഷഗ്വരനായപ്പോഴും, വളർന്നു വന്ന വഴികൾ അദ്ദേഹം മറന്നിരുന്നില്ലെന്ന്, പലപ്പോഴും എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ അടിസ്ഥാന സ്വഭാവ വിശേഷണവും സാഹിത്യാഭിരുചിയും, പരന്ന വായനയും അദ്ദേഹത്തെ നല്ലൊരു സാഹിത്യകാരനും, മനുഷ്യപറ്റുള്ള നല്ലൊരു ഡോക്ടറുമാക്കിയെന്നതാണ് സത്യം .
അതുകൊണ്ടാണ് ഡോ: വേണുവിന് ആശുപത്രി ചുമരുകൾക്ക് പുറത്ത് വലിയൊരു സൗഹൃദവലയമുണ്ടായതും, "ഏഞ്ചൽ " പോലുള്ള സംഘടനകൾക്ക് ജന്മം നല്കാൻ കഴിഞ്ഞതും. 
ഈ സന്ദർഭത്തിൽ ,
പ്രശസ്ത സാഹിത്യകാരൻ വി.പി വാസുദേവൻ മാസ്റ്റർ പറഞ്ഞ ഒരു കാര്യം എൻ്റെ ഓർമ്മയിലെത്തുകയാണ്.
അദ്ദേഹം 1984-88 കാലത്ത് കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് മെമ്പറായിരുന്ന ഘട്ടത്തിൽ, സെനറ്റിൽ ഒരു പ്രമേയം കൊണ്ടുവരികയുണ്ടായി.മെഡിക്കൽ വിദ്യാർത്ഥികൾക്ക് ബർണാഡ്ഷായുടെ "ഡോക്ടേഴ്‌ ഡയലമ " എന്ന നാടകവും ഡോ: എ.ജെ. ക്രോണിൻ്റെ "സിറ്റേഡൽ" എന്ന നോവലും (1930 കളിലെ ഇംഗ്ലണ്ടിലെ വൈദ്യ ശുശ്രൂഷ രംഗത്തെ ജീർണ്ണതകളാണ് നോവലിലെ പ്രതിപാദനം) അതുപോലുള്ള മറ്റു സാഹിത്യരചനകളും പാഠ്യവിഷയമാക്കണം എന്നതായിരുന്നു പ്രസ്തുത പ്രമേയത്തിൻ്റെ കാതൽ. കേവല മെഡിക്കൽ പ്രൊഫഷണലുകളെ പടച്ചുവിട്ട്, കമ്പോളസംസ്കാരത്തിൻ്റെ അടിമകളാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനു പകരം മനുഷ്യമുഖമുള്ള പ്രൊഫഷനുകളെ സൃഷ്ടിച്ചെടുക്കുക എന്നാണ് ,പ്രമേയവിഷയം കൊണ്ട് ഉദ്ദേശിച്ചിരുന്നത്.
ഈ വസ്തുത ഊട്ടി ഉറപ്പിക്കുന്നതാണ് ഡോ: വേണുവിൻ്റെ ജീവിതസന്ദേശം.
എന്തായാലും മലയാളത്തിൻ്റെ മാക്സിംഗോർക്കിയായ പ്രൊഫസർ ചെറുകാട് ഹരിശ്രികുറിച്ച ചെറുകര എയ്ഡഡ് യു. പി.സ്കൂളിലെ പിൻതുടർച്ചക്കാരനായ പൂവ്വത്തും പറമ്പിൽ വേണുഗോപാലനെന്ന ഡോ: വേണുവിന് ചെറുകാടിൻ്റെ ഉയരങ്ങളെ കിഴടക്കാൻ കഴിയട്ടെയെന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. 
ഞങ്ങളുടെ"ഏലംകുളം എഴുത്ത് " എന്ന സാഹിത്യ വാട്ട്സ്പ്പ് കുട്ടായ്മയിലും, "ചെറുകര സ്മരണകൾ " എന്ന ഫേയ്സ്ബുക്ക് കുട്ടായ്മയിലും അംഗമായ ഡോ.. വേണുവിന് ജന്മനാട്ടിലെ സാഹിത്യാ-സാമൂഹ്യമാധ്യമ കുട്ടായ്മയകളുടെ പേരിലും പ്രത്യേക അഭിനന്ദനങ്ങൾ അർപ്പിക്കട്ടെ!
മോഹൻ ചെറുകര .

Wednesday, January 5, 2022

പ്രതിസന്ധികളിലെ പ്രതീക്ഷകൾ...

രണ്ടായിരിത്തി ഇരുപത്തിരണ്ട് പിറന്നു വീണ ദിവസം വ്യക്തിപരമായി എനിക്ക് അത്ര നല്ലതായിരുന്നില്ല. ഒരു വിരുതൻ എന്നെ തികച്ചും ഒരു മൊയന്ത് ആക്കിയതിലുള്ള വല്ലാത്ത ആദിയും അമർഷവും അപകർഷതാബോധവും കുറച്ചൊന്നുമല്ല എന്റെ ബോധമണ്ഡലത്തിൽ കരിമഷി പടർത്തിയത്. കാണുന്നതിലെല്ലാം സംശയം ഉണ്ടാകും വിധം വിഷാദവും നിരർത്തകതയും അന്യതാ ബോധവും അടിമുടി എന്നെ പിടിച്ചു കുലുക്കിയ ഒരു ജനുവരി ഒന്നിന്റെ പ്രഹരം. എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്റെ കുടുംബമാണ് എന്ന് എന്നെ വീണ്ടും വീണ്ടും തിരിച്ചറിയിപ്പിക്കുന്ന ദൈവത്തിന്റെ സ്വാന്തനം പ്രിയ പത്നി സുപ്രിയയുടേയും മക്കൾ കമലിൻറെയും നീതുവിൻറേയും രൂപത്തിൽ സ്നേഹമഴയായി പെയ്തിറങ്ങിയ നവവൽസരദിനങ്ങൾ . 

തിരികെ വന്നു കൊണ്ടിരിക്കുന്ന കുളിർക്കാറിനും കിളിമൊഴികൾക്കുമായി കാതോർക്കുന്നു.  ജനുവരി കുളിരിനായും യോഗനിദ്രയ്ക്കായും നോർമാലിനിയിലെ അബ്നോർമാലിറ്റിയ്ക്കായും അബ്നോർമാലിറ്റിയിലെ നോർമാലിററിയ്ക്കായും കാത്തിരിക്കുന്നു. 

വലിയ പ്രതിസന്ധികളെയൊക്കെ നേരിട്ട അനുഭവസന്ധികളെ തിരികെ പിടിയ്ക്കാനാവാതെ ഒരു പൊട്ടനെ പോലെ ഗൂഗിൽമാപ്പിൽ വഴിതെറ്റി തിരിച്ചു പോരാൻ ആവാത്ത പഥികന്റെ വൃഥകളെ പ്പോലെ ശൂന്യമായ ചിന്താമണ്ഡലത്തിൽ മസ്തിഷ്ക്ക കോശങ്ങൾ ദിശാബോധമില്ലാതെ ഡോപ്പമിൻ തേടി അലയുന്ന മണിക്കൂറുകളുടെ ദൈർഘ്യം എന്നെ തന്നെ നഷ്ടപ്പെടുന്ന ചില നിമിഷങ്ങൾ  . ഇതൊക്കെ ആയിരുന്നു 2022 ന്റെ തുടക്കം എനിക്ക്. 

ഈ പ്രതിസന്ധിയിൽ     കമൽ എനിയ്ക്കായി  എഴുതിയ സ്വകാര്യ സന്ദേശം ഞാൻ ഇവിടെ ചേർക്കുന്നു

😄 ഏതോ ഒരു ഗ്രാമത്തിൽ ജനിച്ചു, അസാധാരണമായി ഒരു കഴിവും ഇല്ലാത്ത പച്ചയായ ഒരു മനുഷ്യൻ. ഒരു ശരാശരി മലയാളി അവിടെ നിന്നും മുട്ടോളം തുള്ളും. പിന്നേം തുള്ളിയാൽ ചട്ടീല്, അതാണ് പഴമൊഴി. മുട്ടോളം തുള്ളി anastheisa എടുത്തു. ചട്ടീന്നും തുള്ളി മണ്ണിലൂടെ നടന്നു ഇപ്പൊ ആകാശത്തു കൂടെ പറക്കുകയാണ്. അച്ഛൻ അത് കാണില്ല. മണ്ണിൽ നിൽക്കുന്ന ഞങ്ങൾക്ക് അത് കാണാം. Your strength lies not in you, but in us . In those to whom you had shown a wonderful future. Alex sir ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു. അവരുടെ ഗ്രൂപ്പ്‌ ഇപ്പോളും discuss ചെയ്യാറുണ്ടത്രേ.this man is supposed to be in a big chair not in this small Kerala but as an international figure in some big big academic Ventures. അച്ഛന്റെ real strength അച്ഛനെക്കാളും ഞങ്ങളെ പോലുള്ളവർക്കാണ് അറിയാവുന്നത്. അച്ഛൻ risk എടുത്ത് ചെയ്ത പല പരിപാടികളും ആണ് പലരുടെയും ഇന്നത്തെ ജീവിതമാർഗം തന്നെ. അതിൽ ഒന്ന് മാത്രമാണ് ഇത്. You were always the master of your mind and you will be. അതിനിടയിൽ ഏതോ ഒരു പൊട്ടൻ ആരാ എന്താ എന്നൊന്നുമറിയാതെ വീണ്ടും പിടിച്ചു ചട്ടിയിലെക്കിടാൻ ഒരു ശ്രമം നടത്തി. മൂക്കുമുട്ടെ തട്ടി ഏതേലും ഒരു മൂലക്ക് കിടന്നുറങ്ങുന്നുണ്ടാവും അവൻ. ഇപ്പൊ നമ്മളോ? കാലം ശരീരത്തെ ക്ഷയിപ്പിക്കും,മനസ്സിന്റെ വീര്യം കൂട്ടും. ഇല്ലേൽ കൂട്ടണം. നമ്മൾ എല്ലാരും ഇതിൽ കൂടെയുണ്ട്. നിരാശയും, ഉത്കണ്ടയും സന്തോഷം പോലെ തന്നെ ഒരു വികാരമാണ് എന്ന് എന്നേക്കാൾ നന്നായി അച്ഛനറിയാമല്ലോ. ഇപ്പൊ സ്വയം മറ്റൊരാളായി കണ്ട് സ്വാന്തനിപ്പിക്കുക, ഇരിക്കുന്ന ചില്ല എപ്പോ വേണേലും ഒടിയാം. ഞങ്ങൾക്ക് വിശ്വാസം ചില്ലയിലല്ല, അച്ഛന്റെ ചിറകിലാണ് ,🥰😘

സാറാ ജോസഫ് സ്ട്രോബിലാന്തസിനെ പ്പറ്റി

ഞാനിത് വായിച്ചുവേണു.
കണ്ണു നിറഞ്ഞു.എന്റെ കുട്ടിയെപ്പറ്റിഅഭിമാനംകൊണ്ടു.
എല്ലാ നന്മകളുംഉണ്ടാവട്ടെ.

സഫല നിമിഷങ്ങളുടെ പുനർജ്ജനി

രണ്ടായിരത്തി ഇരുപത്തി രണ്ട് ജനുവരി രണ്ട് ഞായറാഴ്ച മനോഹരമായതിന് ,ഊഷ്മളവും സുരഭിലവും ആയതിന് , ജീവിതത്തിലെ എന്നും ഓർക്കുന്നതായതിന്  ഒരു 
കാരണം മാത്രം .  അതുകൊണ്ടു തന്നെ അത്ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്.
അക്ഷരങ്ങളെ ആശയങ്ങളായും ആശയങ്ങളെ അക്ഷരങ്ങളായും മാറ്റുന്ന ഇന്ദ്രജാലം നമ്മുടെ മുൻപിൽ തുറന്നിട്ട നമ്മുടെ പ്രിയ എഴുത്തുകാരി , മനുഷ്യ സ്നേഹി , ഈ കാലത്തിന്റെ നിറ പ്രതീക്ഷ .. എന്റെ ഏററവും പ്രിയപ്പെട്ട സാറാ ടീച്ചർ , പ്രശസ്ത
എഴുത്തുകാരി ലോകം അറിയുന്ന നമ്മുടെ പ്രിയപ്പെട്ട സാറാജോസഫ് ..
തൃശൂർ മുളംകുന്നത്കാവ് , ഷൊർണ്ണൂർ റോഡിൽ മുളംകുന്നത്ത്കാവ്
അയ്യപ്പക്ഷേത്രത്തിന്തൊട്ടടുത്ത്അക്ഷരസാഗരങ്ങൾ അലയടിക്കുന്ന പർണ്ണശാല ,സഹ്യനെ തഴുകി വേഗത്തിൽ ആ വീടിനെ വലം വെച്ച്ചൂള മിടിച്ച്പെട്ടെന്ന്
പടിഞ്ഞാറോട്ട്ഓടി മറയുന്ന കുസൃതിക്കാറ്റിലും അക്ഷരസുഗന്ധം . ടീച്ചറുടെ വീട്ടിലെ നാനാ ജാതി വൃക്ഷലതാദികളിലും അക്ഷര സാന്നിധ്യം. അണപ്പൊട്ടി ഒഴുകുന്ന സ്നേഹം ,
വാൽസല്യം പ്രതീക്ഷ, ഗൃഹാതുരത്വം പിന്നെയും നിർവ്വചിക്കാനാവത്ത ഒരായിരം ബുധിനീ ഭാവങ്ങൾ , അലാഹയുടെ പെൺമക്കളും മാറ്റാത്തിയും അവിടെയൊക്കെ
തന്നെ ഓടി നടക്കുന്നു , ചിലപ്പോഴൊക്കെ നമ്മെ നോക്കി ചിരിച്ചു മറയുന്നു  .  അക്ഷര പൂജയുടെ ഇലഞ്ഞിത്തല മേളവും എഴുത്തിൻ്റെ ലോകത്തെ അത്യപൂർവ്വമായ അനേക കോടി ഭാവനകളുടെ വർണ്ണ കുട മാറ്റവും  അവിടെ യൊക്കെ നിറഞ്ഞു നിൽക്കുന്നു. നമ്മൾ ധന്യരാകുന്നു. 
കോവിഡാരംഭത്തിനും ഒന്നോ രണ്ടോ വർഷങ്ങൾക്ക്മുൻപാണ്  ടീച്ചറെ 
തൊള്ളായിരത്തി എൺപതിന്ശേഷം ഞാൻ കാണുന്നത്. ടീച്ചർക്ക്ആത്മാവിലറിയുന്ന
ഒരു രോഗിയുടെ ചികിൽസ സംബന്ധിയായ കാര്യത്തിന്. അന്ന്ടീച്ചർ പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത കോളേജിൽ പഠിപ്പിച്ച ഒരു വിദ്യാർത്ഥി പിന്നീട് വൈദ്യവിദ്യാഭ്യാസവും  ഉപരിപഠനവും കഴിഞ്ഞ്കോഴിക്കോട്ടെ വലിയ ഒരു കോർപ്പറേറ്റ് ആശുപത്രിയിൽ ജോലി ചെയ്യുന്ന ആൾ എന്ന നിലയായിരുന്നു കണ്ടതും
സംസാരിച്ചതും എല്ലാം.
എന്നാൽ ഇന്ന്ഞാൻ ടീച്ചറുടെ മുൻപിൽ ഇരിക്കുമ്പോൾ, ഏതാനും അക്ഷരങ്ങളാൽ കോറിയിട്ട എന്റെ സ്രോബിലാന്തസിന്റെ  കോപ്പിയുമായി , ഞാൻ ആ പഴയ കാല വിദ്യാർത്ഥിയായി വിനീതനാവുമ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ
ഏതാനും നിമിഷങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. ആകെ പടർന്ന്പന്തലിച്ച്
നിൽക്കുന്ന ഒരു മഹാവൃക്ഷത്തിന്റെ താഴേ നിന്ന്മെല്ലെമെല്ലെതല നീട്ടി നോക്കുന്ന ഒരു കൊച്ചു ചെടി പോലെ.
ടീച്ചർ ഇന്നലെ എത്തിയതേയുള്ളൂ . പോണ്ടിച്ചേരിയിൽ നിന്ന് . ഒരു പരിപാടിയിൽ പങ്കെടുത്തശേഷം. രാവിലെ പത്തുമണി . ഇള വെയിൽ മര ചില്ലകൾക്കിടയിലൂടെ എത്തിനോക്കി. ഒരു മണിക്കൂറിലധികം  ഭൂമിയിലെയും ആകാശത്തിലേയും
അതിന്നപ്പുറത്തേയും ഒരു പാട്കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു. ഈ സമയമത്രയും ഒരു ധ്യാനസമാനമായ അവസ്ഥയിൽ ആയിരുന്നു ഞാൻ. ഭൂതവും ഭാവിയും ഒരു ബിന്ദുവിൽ
ഒന്നാകുന്ന വർത്തമാനത്തിന്റെ മേളനങ്ങളിലെ  ആമോദനിമിഷങ്ങൾ.
ശാസ്ത്രം പ്രത്യേകിച്ച്  വൈദ്യശാസ്ത്രം പഠിക്കുന്നവർക്ക്സാഹിത്യം കൂടി ഒരു
അനുബന്ധ വിഷയമാകണമെന്ന ടീച്ചറുടെ വീക്ഷണം വളരെ പ്രസക്തമായി തോന്നി .
ഹൃദയം കൊണ്ട് ചികിൽസിക്കുന്ന ഡോക്ടർമാരുടെ എണ്ണം അനുദിനം കുറഞ്ഞു വരുന്നഈകാലഘട്ടത്തിൽ . കലയും ശാസ്ത്രവും നിശ്ചിത അനുപാതത്തിൽ മേളിക്കുമ്പോൾ മാത്രമാണ്  ശാസ്ത്രത്തിന് ജീവനും  കലക്ക്  കാതലും  ഉണ്ടാകുന്നത്.
സ്നേഹത്തിൽ ചാലിച്ച കാപ്പിയും കുടിച്ച്സ്നേഹാദരം ടീച്ചറുടെ വീട്ടിൽ നിന്ന്  ഇറങ്ങുന്നതിന്മുൻപ്ഞാൻ എന്റെ അക്ഷരകൂട്ട്ടീച്ചറുടെ കാൽക്കൽ വെച്ച്  കാൽ തൊട്ട് ഹൃദയം തൊട്ട് 
വന്ദിച്ചു. എനിക്ക്കിട്ടാവുന്ന എന്റെ ജീവിതത്തിലെ  ഏറ്റവും വലിയ സമ്പാദ്യമായിരുന്നു ഈ നിമിഷങ്ങൾ.
ടീച്ചറുടെ ഏറ്റവും പുതിയ പുസ്തകമായ ബുധിനിയുടെ ഓതർ കോപ്പി ടീച്ചറുടെ
ഓട്ടോഗ്രാഫോടെ കൈപ്പറ്റുമ്പോൾ ഈ ലോകം മുഴുവൻ കീഴടക്കിയ പ്രതീതിആയിരുന്നു എനിക്ക്.
പതിനൊന്നരയോടെ സാറ ടീച്ചറുടെ വീട്ടിൽ നിന്നിറക്കുമ്പോൾ ഒരു യുഗജേതാവിന്റെ ഭാവമായിരുന്നു എനിക്ക്. ടീച്ചറുടെ വീട്ടിലെ മരങ്ങളെ തലോടി ചൂളമടിച്ച്പാലക്കാടൻ
കാറ്റ് അപ്പോഴും പടിഞ്ഞാറൻ ചക്രവാളത്തിലേക്ക്  അലസമായി  പാഞ്ഞു. ടീച്ചറുടെ സവിധത്തിൽ ഞാൻ എന്റെ ബാല്യത്തിലേക്കും കൌമാരത്തിലേക്കും പാഞ്ഞ പോലെ.
(ബുധിനിക്ക് ഓടക്കുഴൽ അവാർഡ് കിട്ടിയ വാർത്ത ഇതെഴുതുമ്പോഴാണ് അറിയുന്നത്. എൻ്റെ ഇപ്പോഴത്തെ സന്തോഷത്തെ എനിക്ക് വിവരിക്കാനാവുന്നില്ല. അതല്ലെങ്കിൽ അതിനുള്ള പദങ്ങളെ തേടി ഞാൻ ... )

A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity

A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity On a spiritually charged visit to the sacred city of Ayodhya, we fou...