Thursday, June 16, 2022

പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ല്ർ സിനിമകൾ( Twenty one grams & CBI 5 )

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, പോലീസ് സ്റ്റോറി

പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ല്ർ  സിനിമകൾ പൊതുവെ എല്ലാവര്ക്കും ഇഷ്ടമാകാറുണ്ട് . ഒരു ക്രൈം , അതിനെ പിന്തുടർന്ന് പോകുന്ന അന്ന്വേഷണങ്ങൾ , അതിലെ നൂലാമാലകൾ , ട്വിസ്റ്റുകൾ ഇതൊക്കെ നമ്മുക്ക്  എന്ന് ഹരമാണ് . ഹോം തീയേറ്ററിൽ OTT റിലീസ് ആയി വന്ന രണ്ടു ഇൻസ്റ്റിഗേഷൻ ത്രില്ലെർ  സിനിമകൾ കഴിഞ്ഞ ദിവസം കാണാനിടയായീ . അനുപ്  മേനോന്റെ 21 ഗ്രാം , മമ്മൂട്ടിയുടെ സിബിഐ 5 - ദി ബ്രെയിൻ എന്നിവയായിരുന്നു ഈ രണ്ടു ചിത്രങ്ങൾ . 21 ഗ്രാം തീയേറ്ററുകളിൽ നന്നായി ഓടിയെങ്കിലും സിബിഐ 5  അത്രതന്നെ ഓടിയില്ല. ഒരു പക്ഷെ ആളുകളുടെ അമിത പ്രതീക്ഷ  ആയിരിക്കാം ഇതിന് കാരണം . ആയിരം കോടി കൊയ്യുന്ന കെജിഫ് പോലുള്ള മാസ്സ് സിനിമ ആസ്വാദനം മലയാളിയുടെ ബ്രൈയിനെ ടോക്സിക് ആക്കിയിരിക്കാം എന്നും കരുതാം . 

https://youtu.be/Hd0_EkWRAgg


https://youtu.be/78gkbAeqnkg

മെഡിക്കൽ ഫാക്ടസ്

രണ്ടു  സിനിമകളിലും കുറെ മെഡിക്കൽ ഫാക്ടസ് കൊണ്ടുവന്നിട്ടുണ്ട്‌ , ത്രില്ലിംഗ് ആയിട്ടും കുറെ ഒക്കെ ഫാൿറ്റൽ ആയിട്ടും . മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അടുത്ത കാലത്തേ സിനിമകളിൽ മെഡിക്കൽ ഫാക്ടസ് കുറച്ചു കൂടി വസ്തുനിഷ്ഠമായി ഉൾക്കൊള്ളിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട് എന്നതും ഒരു നല്ല കാര്യമാണ് . 

ഹൃദയത്തിൽ ഘടിപ്പിച്ചു , ഹൃദയ താളത്തെ നിയന്ത്രിക്കുന്ന പേസ് മേക്കേഴ്സിനെ പ്രവർത്തന രഹിതമാക്കുന്ന സാങ്കേതിക വിദ്യകളും മറ്റും രണ്ടു സിനിമകളിലും ത്രില്ലെർ പശ്ചാതലത്തിൽ ഉപയോഗിക്കുന്നു . ഇംപ്ലാൻ്റബിൽ പേസ് മേക്കറുകളെയും ഡിഫിബ്രിലേറ്ററുകളേയും റിമോട്ട് ആയി നിരീക്ഷിക്കുന്നതിന്നതിനും അത് ഉപയോഗിക്കുന്നവർ അത്യാസന നിലയിൽ ആയാൽ സഹായിക്കുന്നതിനും മറ്റും വേണ്ടിയുള്ള സങ്കേതിക വിദ്യ ലഭ്യമാണ്. അതിൻ്റെ നെഗറ്റീവ് വശമാണ് രണ്ട് സിനിമയും ഉപയോഗിച്ചിരിക്കുന്നത്. അതിനെ ഒരു ഫിക്ഷൻ മോഡിൽ സമീപിച്ചാൽ കുഴപ്പമില്ല. പക്ഷേ രണ്ട് സിനിമയും ഒരു ഫിക്ഷൻ മോഡിൽ ഉള്ളതല്ല എന്നതാണ് വസ്തുത. പിന്നെ മലയാളം സിനിമ മുന്നോട്ട് വെയ്ക്കുന്ന ഉള്ളടക്കത്തിലെ ശാസ്ത്രീയത എന്നത് , അപൂർവ്വം ചില സിനിമകളെ മാറ്റി നിർത്തിയാൽ , തീരെ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

മെയ്ക്കിങ്

രണ്ടു സിനിമകളും കണ്ടിരിക്കാവുന്ന മീഡിയം പേസിൽ ഉള്ള പടങ്ങൾ ആണ് . അമാനുഷിക രംഗങ്ങൾ കൊണ്ട് വെറുപ്പിക്കുന്ന ഒന്നും ഇതിൽ ഇല്ല . നോർമൽ ആയി നടക്കുന്ന റിയലിസ്റ്റിക് ആയ ഇൻവെസ്റ്റിഗേഷൻസ് , നല്ല ക്ലൈമാക്സ് , നല്ല അഭിനയം , ഭേദപ്പെട്ട മെയ്ക്കിക്കിങ്ങ് . ബോറടിപ്പിക്കാതെ സ്ക്രിപ്റ്റ് , ഡിറക്ഷൻ. ദുൽക്കറിൻ്റെ സല്യൂട്ട് , ജിത്തു ജോസഫിൻ്റെ 12th Man എന്നീ ഇൻവെസ്റ്റിഗേഷൻ സിനിമകളുടെ അതേ ടോണിലുള്ള മെയ്ക്കിങ്ങ്. സ്പോയിലർ റിവൂ കൾ വായിക്കാതെയും കേൾക്കാതെയും ഈ സിനിമകളെ സമീപിച്ചാൽ ഇവ നല്ല ചലചിത്രാനുഭവങ്ങൾ ആയിരിക്കും.

ജഗതി ശ്രീകുമാറും ഞാനും

2011ലെ ഒരു തണുത്ത വെളുപ്പാം കാലം . പ്രശസ്ത സ്ക്രിപ്റ്റ് റൈറ്റർ ടി എ റസാഖ് എന്നെ വിളിക്കുന്നു .

“ബ്രദർ , ഒന്ന് വേഗം വരണം , നമ്മുടെ അമ്പിളി ചേട്ടൻ അപകടത്തിൽ പെട്ടിരിക്കുന്നു “

തൊട്ട് പിന്നാലെ ചിത്രഭൂമിയിലെ പ്രേംചന്ദ് വിളിക്കുന്നു. പുലർച്ചെ നാല് മുപ്പതിന്. എമർജൻസി മെസിസിൻ എന്ന നവ ശാസ്ത്ര ശാഖ അന്ന് എന്നെ ഏൽപിച്ച വലിയ ഉത്തരവാദിത്വങ്ങളിൽ ഒന്നായിരുന്നു ജഗതിയുടെ അപകടം.

ഞാൻ എമർജൻസി റൂമിൽ എത്തിയപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ഉള്ള ജഗതി ശ്രീകുമാറിനെ ആണ് കാണുന്നത് . ചെസ്റ് , അബ്‌ഡൊമെൻ , തുടയെല്ലുകൾ , കഴുത്തു ഉൾപ്പെടെ ശരീരമാകലം പരിക്കേറ്റ നമ്മുടെ പ്രിയപ്പെട്ട ജഗതി അത്യാസന്ന നിലയിൽ . പിന്നീടങ്ങോട്ട് ഒരു ദ്രുതകർമ്മ അതിതീവ്ര പരിചരണമായിരുന്നു. വലിയ ഒരു മെഡിക്കൽ ടീമിൻ്റെ  വലിയ പ്രയത്നം. അന്നും പിന്നീട് കുറെ നാളും . ജഗതി ചേട്ടൻ ജീവിക്കും എന്ന് തന്നെ കരുതിയില്ല . കഴുത്തിലെ കർണ്ണ നാഡിക്ക് ഏറ്റ പരിക്ക്‌ , അദ്ദേഹത്തിന്ന് അതി ഭയാനകമായ ഒരു സ്‌ട്രോക്കിനു കാരണമായി . 


ഒരു പതിറ്റാണ്ടിനു  ഇപ്പുറം സിബിഐ 5 ഇൽ  ജഗതി ചേട്ടൻ വരുമ്പോൾ മനസ് നിറയുകയാണ്. ജഗതിയുടെ അതിമനോഹരമായ ഒരു ചെറു പുഞ്ചിരിയുണ്ട് CBI 5 ൽ . അതിൽ ഉണ്ട് എല്ലാം. കാലം കരുതിവെച്ച ചിരി. 


ജഗതിയുടെ മകനും സീനിൽ ഉണ്ട്. 
SN സ്വാമി എത്ര ബ്രില്ലന്റ് ആയിട്ടാണ് ജഗതിക്ക് വേണ്ടി കഥയുടെ ഗതി തിരിച്ചു വിട്ടത് . എത്ര റിയലിസ്റ്റിക് ആയിട്ടാണ് കെ മധു അത് , സിനിമയിൽ ചേർത്ത് വെച്ചത് . മമ്മുക്കയുടെ സൂഷ്മാഭിനയം തന്നെയാണ് സിബിയുടെ ഹൈലൈറ് .

അനൂപ് മേനോൻ രണ്ടു പടത്തിലും രണ്ടുവ്യത്യസ്ത ഭാവങ്ങളിൽ നന്നായിട്ടുണ്ട് . 


സിനിമ വീട്ടിൽ നിന്ന് തന്നെ കാണുമ്പോൾ

സിനിമ കൊട്ടകയിൽ പോയി സിനിമ കണ്ട എന്റെയൊക്കെ കുട്ടിക്കാലം . അവിടുന്നിങ്ങോട്ടെ , തീയേറ്ററുകൾ, അതിൽ തന്നെ 70mm , കളർ ടെക്നോളജി , സെനമാസ്കോപ്പ് , പിന്നെ സ്റ്റീരിയോ സൗണ്ടസ് ,വീഡിയോ ടേപ്പ് ,CD , ഡിവിഡി, Bluray ,   ലേസർ പ്രോജെക്ഷൻ, 3D , ഡോൾബി സറൌണ്ട് , 2K ,4K , അറ്റ്മോസ് സൗണ്ട് സിസ്റ്റം …. ദൃശ്യ ശ്രവ്യ സാങ്കേതിൿതയുടെ ഒരു മലവെള്ള പാച്ചിൽ തന്നെ ആയിരുന്നു വല്ലോ കഴിഞ്ഞ കുറെ പതിറ്റാണ്ടുകൾ . ഇതിന്റെ എല്ലാം നന്മ തിന്മകൾ നേരിട്ടറിയാൻ കഴിഞ്ഞ ഈ കാലഘട്ടത്തിൽ തന്നെ ജീവിച്ച നമ്മളും ഭാഗ്യവാന്മാർ . ഇന്ന് ഈ സിനിമകൾ ഒക്കെ വീട്ടിൽ ഇരുന്നു തന്നെ , 4K ക്വാളിറ്റിയിൽ , ഡോൾബി ഓറോത്രീഡിയിൽ തീയേറ്റർ ചാരുതയിൽ റിലീസ് ദിവസം തന്നെ കാണാൻ പറ്റുന്ന ടെക്നോലോജിയുടെ കാലം. എല്ലാ സിനിമകളും ഒരു സ്വപ്നം

പോലെ. പിന്നെ സാങ്കേതിക തികവിൻ്റെ ഈ കാലവും ഒരു കിനാവു പോലെ.

Tuesday, June 14, 2022

കെ.എൻ. രഘവന്റെ ബൌൺസർ- A book that you must read ...

 കെ.എൻ. രഘവന്റെ ബൌൺസർ

കോഴിക്കോട് മെഡിക്കൽ കോളേജിലെ സിൽവൽ ജൂബിലി ബാച്ചിലെ മിന്നും താരങ്ങളിൽ ഒരാളായിരുന്നു രാഘവൻ. മെഡിക്കൽ ബിരുദത്തിന് ശേഷം ഐ.ആർ.എസ് എടുത്ത് വൈദ്യം ഉപേക്ഷിച്ച് ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്ന് , ഇന്ത്യൻ കസ്റ്റംസ് സർവ്വീസിൽ സുസ്തൃർഹ സേവനം ചെയ്യുകയും നമ്മുടെ നാട്ടിലെ കള്ളനാണയങ്ങളെ ശക്തമായി നേരിടുകയും ചെയ്ത ഞങ്ങളുടെ എല്ലാം സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട രാഘവന്റെ രണ്ടാമത്തെ പുസ്തകമാണ് (Novel)  ഡി.സി ബുക്ക് പ്രസിദ്ധീകരിച്ച ബൌൺസർ. പഠിക്കുന്ന കാലത്ത് തന്നെ അറിയപ്പെടുന്ന ക്രിക്കറ്റർ ആയ രഘവൻ ഇൻറനാഷണൽ അപയർ കൂടി ആയിരുന്നു. നാഷണൽ ഇൻറനാഷണൽ ക്രിക്കറ്റിൽ രാഘവന്റെ സംഭാവനഅതുല്യമാണ്. സമാനതകളില്ലാത്തതാണ്. രാഘവന്റെ ബുക്ക് ഇറങ്ങിയ ദിവസം തന്നെ ഞാൻ അത് DC യുടെ ഓൺലൈൻ സൈറ്റിലൂടെ വാങ്ങാൻ ശ്രമിച്ചു . പരാജയമായിരുന്നു ഫലം. ദിവസങ്ങൾക്കു് ശേഷം അത്ആ മസോണിൽ ലഭ്യമായി. അന്നു തന്നെ ബുക്ക് ചെയ്തു. മൂന്നു രാപ്പകലുകൾ തീരുന്നതിന്ന് മുൻപേ തന്നെ,  പച്ചയുടെ പശ്ചാത്തലത്തിൽ ബാറ്റിൽ തട്ടി ബൌൺസ് ചെയ്യുന്നു ക്രിക്കറ്റ് ബാളിനെ ഓർമ്മപ്പെടുത്തുന്ന പുറം ചട്ടയോടെ ബൌൺസർ സൗപർണ്ണികയിൽ എത്തി. പുസ്തകം കൈപ്പറ്റിയ വിവരം ഫോട്ടോസഹിതം ഞങ്ങളുടെ ഇരുപത്തി അഞ്ചാം ബാച്ചിന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റി. എന്റെ പ്രിയ സുഹുത്ത് ജനു അപ്പോൾ തന്നെ എന്നെ ട്രോളി.
 "എടോ ക്രിക്കറ്റുമായി ഒരു ബന്ധം പോലും ഇല്ലാതെ നീയാണോ പുതിയ പുസ്തകം വായിക്കാൻ പോകുന്നത്??? ഞാൻ ഒന്നും പറഞ്ഞിട്ടില്ല''

ജനുവിന് ഞാൻ ഇങ്ങനെ മറുപടി കൊടുത്തു

"ക്രിക്കറ്റ് തീമായ എം.എസ് ഡോണി സിനിമ കണ്ടിരുന്നു. നന്നേ ഇഷ്ടപ്പെട്ടു. ഗുസ്തി തീമായ ദങ്കൽ കണ്ടിരുന്നു. ക്രിക്കറ്റിലുംഗുസ്തിയിലും അടിസ്ഥാന വിവരം പോലുമില്ലാത്ത എനിക്ക് പോലുംഇഷ്ടപ്പെടുന്ന രീതിയിൽ ആണ് ഈ രണ്ട് സിനിമകളും രൂപകൽപന ചെയ്തിരിക്കുന്നത്"

ഞാൻ മുൻവിധിയൊന്നും ഇല്ലാതെ തന്നെ ബൌൺസർ വായിക്കാൻ തുടങ്ങി. ഓരോ അദ്ധ്യായം പിന്നിടുമ്പോഴും നമ്മെ ആകാക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആഖ്യാന ശൈലി. രാഘവന്റെ ആദ്യത്തെ മലയാള നോവൽ ആണ്. പക്ഷേ, തുടക്കക്കാരന്റെ യാതൊരു ലക്ഷണവും വായനക്കാരനെ അലോരസപ്പെടുത്തുന്നില്ല എന്നു മാത്രമല്ല, ഒന്ന് രണ്ട് ചാപ്റ്റർ പിന്നിടുമ്പോഴേക്കും നമ്മൾ കഥയുടെ കൂടെ തന്നെ സഞ്ചരിയ്ക്കാൻ തുടങ്ങുന്നു. ഒരു ക്രൈം ത്രില്ലർ മൂവികാണുന്ന അതേ മൂഡിൽ ഒരൊറ്റ ഇരുപ്പിൽ വായിക്കാവുന്ന കഥാകഥനം. വലിയ വലിയ കടിച്ചാൽ പൊട്ടാത്ത സാഹിത്യഭാഷയുടെ നാട്യങ്ങളൊന്നും ഇല്ല. പറയാനുള്ളത് നേരേ ചൊവ്വേ പറഞ്ഞു പോകുന്ന ലളിതവും ചടുലവുമായ എഴുത്ത്. ഞാൻ നേരത്തേ പറഞ്ഞപോലെ തന്നെ ധോണിയും ഡങ്കൽലും ഒക്കെ കാണുന്ന പോലെ ,  ഇവിടെ മനസ്സിന്റെ വിശാലമായ ക്യാൻവാസിൽ ബൌൺസർ അങ്ങനെ പെയ്തിറങ്ങും , അനുസ്യൂതം.


ഞാൻ ബൌൺസർ വായിക്കുന്നനിന്ന്ഏതാനും ദിവസം മുൻപാണ് റൺബീർ സിങ്ങിന്റെ 83 കണ്ടത്. എൺപത്തിമൂന്ന് ലോകകപ്പ് ഞങ്ങൾക്കെല്ലാം വലിയ ഒരു വികാരംതന്നെ യായിരുന്നു. 83 മൂവിയിൽ കപിൽ ആയി റൺബിറിന്റെ പ്രകടനവും അതിനേക്കാൾ ഏറെ ആകാലഘട്ടത്തിലെ ക്രിക്കറ്റർ മാർ അനുഭവിച്ച ത്യാഗവും വേദനയും സമർപ്പണവുമെല്ലാം നമ്മെ നടന്നു വന്ന വഴികൾ  ഓർമ്മപ്പെടുത്തുന്നത് മാത്രമല്ല, നമ്മൾ ഇന്നിന്റെ ക്രിക്കറ്റിൽ എത്തിനിൽക്കുമ്പോൾ നമ്മുക്ക് ഒരു പാട് പാഠങ്ങളും തരുന്നുണ്ട്. ബൌൺസർ വരച്ചുകാട്ടുന്ന ക്രിക്കറ്റിന്റെ മുഖത്ത് രണ്ടായിരത്തി അഞ്ചിന് ശേഷം വന്ന മാറ്റങ്ങങ്ങളും വാണിജ്യ തൽപരതയും മാഫിയ, രാഷ്ട്രീയ , ഗുണ്ടാ ,വാതുവെപ്പ് തുടങ്ങിയ മൂല്യച്യുതിയും എല്ലാം ക്രിക്കറ്റിന്റെ എല്ലാ ഉള്ളുകളികളും കരതലാമലകം പോലെ അറിയുന്ന ഒരാളുടെ ബാറ്റിൽ തട്ടി പേനതുമ്പിലൂടെ ബൌൺസ് ചെയ്യുമ്പോൾ , ബൌൺസർ വ്യതസ്തവും മനോഹരവുമായി ഒരു  കൃതിയായി വേറിട്ടു നിൽക്കുന്നു. നോവലിന്റെ മൾട്ടിപ്പിൽ ക്ലൈമാക്സ് എല്ലാം അതി മനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല. സാറ ടീച്ചറുടെ ബുധിനി വായിച്ചതിന്ന് തൊട്ടു പിന്നാലെ ആണ് ഞാൻ ബൌൺസർ വായിക്കുന്നത്. രണ്ടും രണ്ടു് രീതിയിൽ നമ്മുടെ ചിന്തകളെ ഉദീപിപ്പിക്കുന്ന പുസ്തകങ്ങൾ . നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നാണ് ബൌൺസർ. ക്രിക്കറ്റിൽ വലിയ ജ്ഞാനമൊന്നും ഇല്ലാത്തവരെ പോലുംത്രസിപ്പിക്കുന്ന ഒരു കൃതി.