Deforestation and aftermath

ഞെട്ടാന്‍ തയ്യാറായിക്കോളൂ ഇതിന് കാരണക്കാര്‍ നാം ഓരോരുത്തരും തന്നെയാണ്...

" ലോകത്തിലെ ഏറ്റവും ഗുണമേന്മയുള്ള
ശുദ്ധ വായു " എന്ന അവകാശവാദവുമായി കനേഡിയൻ കമ്പനി 'വൈറ്റലിറ്റി എയർ' കുപ്പിയിൽ നിറച്ച ജീവവായുവുമായി ഇന്ത്യൻ വിപണിയിലേക്ക്. ഞെട്ടലോടെ മാത്രമേ ഈ വാർത്ത നമുക്ക് വായിക്കാൻ കഴിയു. ദിനം പ്രതി ഭയാനകാരമായ തോതിൽ അന്തരീക്ഷ വായു മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ പട്ടണങ്ങളെയാണ് 'വൈറ്റലിറ്റി എയർ' ലക്ഷ്യമിടുന്നത്. വായുമലിനീകരണത്തിൽ,  ലോകാരോഗ്യ സംഘടനയുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നമ്മുടെ ഭാരതത്തിന്റെ തലസ്ഥാനം 'ന്യൂ ഡൽഹി' യെയാണ് ആദ്യ വിപണിയായി ഇവർ തിരഞ്ഞെടുത്തിരിക്കുന്നത്.

മുംബൈ ആസ്ഥാനമായുള്ള 'ബിസ്‌ലെറി' 1965 ൽ ദീർഘവീക്ഷണത്തോടെ 'ബോട്ടിൽഡ് ഡ്രിങ്കിങ് വാട്ടർ' എന്ന ആശയവുമായി ഇന്ത്യൻ വിപണിയിലേക്ക് എത്തിയപ്പോൾ, കുടിക്കാനുള്ള വെള്ളം പണം മുടക്കി വാങ്ങുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത അന്ന് ഇന്ത്യക്കാർ നെറ്റി ചുളിച്ചു. കുപ്പിയിലാക്കി വിൽക്കാൻ വച്ചിരിക്കുന്ന വെള്ളം പുച്ഛത്തോടെയാണ് മലയാളികളടക്കം നോക്കിക്കണ്ടത്. എന്നാൽ ഇന്ന്, ലോകത്തെ  ഏറ്റവും തിരക്കേറിയ വിപണികളിൽ രണ്ടാമത്തെ സ്ഥാനമാണ് കുപ്പിവെള്ള വ്യവസായത്തിനുള്ളത് എന്ന് കണക്കുകൾ പറയുന്നു. കുപ്പിവെള്ളം എന്ന സങ്കല്പം ആദ്യമായി പ്രാവർത്തികമായ അന്ന്, ശുദ്ധജല സ്രോതസ്സുകൾ അനവധിയനവധി ആയിരുന്നു. കിണറുകൾ, കുളങ്ങൾ, നദികൾ, കായലുകൾ,  തടാകങ്ങൾ  അങ്ങിനെ പലതും. മലിനീകരിക്കപ്പെടാതെ നമ്മുടെ മുൻ തലമുറക്കാർ അവയെല്ലാം കാത്തു സൂക്ഷിച്ചു. അന്ന് മൂക്കത്ത് വിരൽവച്ച എല്ലാവരും ഇന്ന് വീടിനു പുറത്ത് ഇറങ്ങുമ്പോൾ കുപ്പിവെള്ളം കയ്യിൽ കരുതുന്നവരാണ്. പുറത്തിറങ്ങിയാൽ എവിടെനിന്നും വെള്ളം വിശ്വസിച്ചു കുടിക്കാൻ സാധിക്കാതെയായ അവസ്ഥ!. ആ കുപ്പിവെള്ളം പോലും സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ് ഇന്ന് പുറത്തുവരുന്ന പല വാർത്തകളും. അന്നത്തെ 'കുപ്പിവെള്ള' വ്യവസായത്തിന്റെ പാത പിന്തുടരാനാണ് 'കുപ്പിയിൽ ശുദ്ധവായു' (Bottled Fresh Air) വുമായി വിദേശ കമ്പനി ഇന്ത്യയിലേക്കെത്തുന്നത്.

വിപണികളിൽ കോളിളക്കം സൃഷ്ടിക്കുന്ന പുതിയ എന്തെങ്കിലും വ്യവസായം ആരംഭിക്കാൻ ഗവേഷണം നടത്തിക്കൊണ്ടിരുന്ന 'വൈറ്റലിറ്റി എയർ' സ്ഥാപകൻ മോസസ് ലാം പറയുന്നത്,
" കഴിഞ്ഞ വർഷത്തെ വേനലിനാണ് ഈ സംരംഭം ആരംഭിക്കുന്നത്. കാനഡയിലെ അൽബെർത്ത പട്ടണത്തിനടുത്തുള്ള കേൾഗേറി എന്ന സ്ഥലത്ത്, കാട്ടിൽ, പെട്ടെന്നുണ്ടായ വൻ തീപ്പിടുത്തത്തെ തുടർന്ന് ഉയർന്ന വിഷപ്പുക ജനങ്ങളുടെ സ്വാഭാവിക ജീവിതത്തെ ബാധിച്ചു. ആ സാഹചര്യമാണ് ജനങ്ങളെ കൂടുതലായി ഈ 'ബോട്ടിൽഡ് ഫ്രഷ് എയർ' ഉപയോഗിക്കുന്നതിലേക്ക് പ്രേരിപ്പിച്ചത്."

2015 ൽ, ഡൽഹിക്കു സമാനമായ തോതിൽ വായുമലിനീകരണം നേരിടുന്ന ചൈനയിലെ ബിജിങ് തുടങ്ങി വൻ നഗരങ്ങളിൽ ആരംഭിച്ച ഈ വ്യവസായത്തിന് അവിടെ വൻ വരവേൽപ്പാണ് ലഭിച്ചത്. ചൈനയിലെ ജനങ്ങൾ ഓൺലൈൻ വഴി ശുദ്ധവായു നിറച്ച കുപ്പികൾ വാങ്ങി തുടങ്ങി. ചൈനയിൽ ഡിസ്ട്രിബ്യുട്ടർ വഴി ബിജിങ്, ഷാങ്ഹായ് എന്നിവിടങ്ങളിലേക്ക് 12,000 കുപ്പികൾ ഇതിനകം അയച്ചു കഴിഞ്ഞു.

ഒരു മാസ്ക്കിലൂടെ ശ്വസിച്ചെടുക്കാൻ കഴിയുന്ന രീതിയിൽ വായു നിറച്ച കണ്ടെയ്നറിൽ ആണ് ഉൽപ്പന്നം പുറത്തിറങ്ങുന്നത്. 3 ലിറ്ററിന്റെയും 8 ലിറേറിന്റെയും കുപ്പികളിൽ വരുന്ന ജീവവായുവിന് യഥാക്രമം ഇന്ത്യൻ രൂപ, ₹ 1450 ഉം ₹2800 ഉം ആണ് തുക ഈടാക്കുന്നത്. 'വൈറ്റലിറ്റി എയർ' ന്റെ കണക്കിൽ നാം വലിക്കുന്ന ഓരോ ശ്വാസവും ഇന്ത്യൻ റുപ്പി ₹12.50 മൂല്യമുള്ളതാണ്. വായു ശുദ്ധീകരിക്കുന്നതും നിറയ്ക്കുന്നതും ട്രേഡ് സീക്രട്ട് ആക്കി വച്ചിരിക്കുന്ന കമ്പനി, ഓരോ തവണയും 150,000 ലിറ്റർ എയർ എടുക്കുന്നതായും 40 മണിക്കൂറിൽ കൂടുതൽ എടുക്കുന്ന സങ്കീർണ്ണ പ്രവർത്തനങ്ങളിലൂടെ ശുദ്ധീകരിച്ച് ശുദ്ധവായു കുപ്പികളിൽ നിറക്കുന്നതയുമാണ് അവകാശപ്പെടുന്നത്.

'ഹിന്ദുസ്ഥാൻ ടൈംസ്'ന് അനുവദിച്ച അഭിമുഖത്തിൽ കമ്പനി സ്ഥാപകൻ മോസസ് ലാം പറഞ്ഞത് ഏതൊരു ഭാരതീയനെയും തലകുനിപ്പിക്കുന്നതാണ്.
"എങ്ങിനെ നോക്കിയാലും വായുമലിനീകരണത്തിൽ ചൈനയേക്കാൾ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യ, ഞങ്ങൾക്ക് അവിടുത്തെ വിപണി പിടിച്ചടക്കാൻ വലിയൊരു പ്രതീക്ഷ
നൽകുന്നുണ്ട്. "

ഇതിനോടകം തന്നെ 100 ബോട്ടിലുകൾ ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. സാമ്പിൾ ബോട്ടിലുകൾ
ന്യൂ ഡൽഹിയിലെ കാനേഡിയൻ
ഹൈ- കമ്മീഷനിലേക്ക് അയക്കാനൊരുങ്ങുകയാണ് കമ്പനി. തുടർന്ന് ഷോപ്പിംഗ് മാളുകളിലൂടെയും സോഷ്യൽ മീഡിയകൾ വഴിയും ജനങ്ങളിലേക്കെത്തുകയാണ് ഉദ്ദേശം.

പരമാവധി അന്തരീക്ഷ മലിനീകരണമാണ് ഈ കമ്പനിയുടെയും വരാനിരിക്കുന്ന ഇത്തരം കമ്പനികളുടെയും ആവശ്യമെന്നത് രഹസ്യമല്ല. നമുക്ക് തീരുമാനിക്കാം ഇത്തരം കമ്പനികളുടെ സേവനം നമുക്ക് വേണോ എന്ന്.
" വൈറ്റലിറ്റി എയർ - ഇതാണ് നിങ്ങളുടെ ജീവിതം" ( Vitality Air - This is your life) എന്ന ക്യാപ്ഷൻ ഭൂമിയിലെ മനുഷ്യന്റെ സ്വാഭാവിക ജീവിതത്തിന് ഉയർത്തുന്ന, മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളി ചെറുതായിരിക്കില്ല. തീർച്ചയായും ഭാവിയിൽ ശുദ്ധവായുവിന് വേണ്ടി കുത്തകമുതലാളിമാരുടെ മുന്നിൽ ഇരക്കേണ്ടി വരുന്ന അവസ്ഥയുടെ, വരാനിരിക്കുന്ന അപകടത്തിന്റെ സൂചനയാണത്.

ഇനി നമുക്ക് നമ്മിലേക്കുതന്നെ ഒന്ന് നോക്കാം. കുന്നും മലയും ഇടിച്ചും, കുളങ്ങളും കായലുകളും നികത്തിയും, മരങ്ങളും കാടുകളും വെട്ടി നിരത്തിയും നമ്മൾ നശിപ്പിച്ചത് പ്രകൃതി കനിഞ്ഞു നൽകിയ പരിശുദ്ധമായ വെള്ളവും വായുവുമാണ്. ആയിരം മടങ്ങു ശുദ്ധവായു നൽകുന്ന ആൽമരങ്ങൾ ഇപ്പോൾ നശിപ്പിക്കുന്നതല്ലാതെ ആരും നട്ടുവളർത്താൻ ശ്രമിക്കുന്നില്ല. എന്റെ കാലം കഴിയുന്നവരെ എനിക്ക് നന്നായി ജീവിക്കണം എന്ന ചിന്ത മാത്രം. പ്ലാസ്റ്റിക്, ഫാക്ടറി മാലിന്യം, ഇലക്ട്രോണിക് മാലിന്യങ്ങൾ അങ്ങിനെ നിരവധി അനവധി. ഇവയെല്ലാം നമ്മുടെ ഭൂമിയുടെ പരിശുദ്ധിയെ കാർന്നു തിന്നുകയാണ്. ഇനിയെങ്കിലും പ്രവർത്തിച്ചു തുടങ്ങിയില്ലെങ്കിൽ പണമുള്ളവന് മാത്രം അവകാശപ്പെട്ടതാവും ശുദ്ധവായുവും ശുദ്ധജലവും.അല്ലെങ്കിൽ പുറത്തിറങ്ങുമ്പോൾ കയ്യിൽ കരുതുന്ന കുപ്പിവെള്ളം പോലെ ഇനി കരുതാം, തിരിച്ചു വരുന്നതു വരേയ്ക്കുള്ള ജീവവായുവും.
കൊടുക്കാം നമുക്ക് വില, നാം വലിക്കുന്ന ഓരോ ശുദ്ധമായ ശ്വാസവായുവിനും. പ്രകൃതിയെ മറന്ന് ഭൂമിയെ ജീവയോഗ്യമല്ലാതാക്കിയതിനുള്ള ശിക്ഷയായി.

വാൽക്കഷ്ണം:വികസനത്തിന്റെ പേരിൽ നാം മുറിച്ചു മാറ്റുന്നത്  എണ്ണിയാലൊടുങ്ങാത്ത മരങ്ങളാണ്.
ഒരു തൈ എങ്കിലും വച്ച്, വരുന്ന തലമുറയ്ക്ക് ഇവിടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാൻ നാം ബാധ്യസ്ഥരാണ്. ചിന്തിക്കുക.

അവലംബം
http://www.hindustantimes.com/world/canadian-firm-to-sell-canned-air-in-india-at-rs-12-50-per-breath/story-N9nx(forwaded msge)
(Courtesy Njeralath Hari Govind)

Comments

Popular posts from this blog

Mooppada Home : A complete go green concept home in my home village

Voting 2024 , some disturbing medical emergency thoughts ...

Sundariye.... Sundariye